തിരുവനന്തപുരം: തീർത്ഥാടന ടൂറിസത്തിനെതിരെ മന്ത്രി ജി. ആർ. അനിൽ. പത്തും പതിനഞ്ചും ദിവസത്തെ തീർത്ഥാടനത്തിനു പോകുന്ന പലരും മടങ്ങിയെത്തുന്നത് പുതിയ മനസ്സുമായാണെന്നും സമൂഹത്തിൽ ഇതു വരുത്തുന്ന പ്രത്യാഘാതം ഗുരുതരമാണെന്നുമാണ് മന്ത്രിയുടെ കണ്ടെത്തൽ. എൽഡിഎഫ് സർക്കാരിൽ ടൂറിസം വകുപ്പ് കൈകാര്യം ചെയ്യുന്ന മുഹമ്മദ് റിയാസ് അടക്കം തീർത്ഥാട ടൂറിസത്തിന്റെ സാധ്യതകൾ പരമാവധി പ്രയോജനപ്പെടുത്താനുള്ള നീക്കം നടത്തുമ്പോഴാണ് മന്ത്രിസഭയിൽ നിന്നുതന്നെ ഭിന്നസ്വരം ഉയരുന്നത്.
കേരള ശാസ്ത്രസാഹിത്യപരിഷത്തിന്റെ തിരുവനന്തപുരം ജില്ലാവാർഷികത്തോട് അനുബന്ധിച്ച് നെടുമങ്ങാട് മുനിസിപ്പൽ ടൗൺ ഹാളിൽ നടന്ന പരിപാടിയിലാണ് തീർത്ഥാടനം ആപത്താണെന്ന തരത്തിൽ മന്ത്രി ജിആർ അനിൽ വിവാദ പരാമർശം നടത്തിയത്. തീർത്ഥാടനത്തിന് പോകുന്നത് സമൂഹത്തെ പിന്നോട്ടു നടത്തുന്നതിന് തുല്യമാണെന്നാണ് മന്ത്രിയുടെ അഭിപ്രായം. ശാസ്ത്രബോധവും ചരിത്രബോധവും വളർത്തി മെച്ചപ്പെട്ട ലോകം സൃഷ്ടിക്കേണ്ടതിനുപകരം ഇത്തരം ദിവസങ്ങൾ നീണ്ട തീർത്ഥാടന ടൂറിസം നടത്തുന്നത് മനുഷ്യരെ പിന്നോട്ടുനടത്തിക്കുമെന്നും മന്ത്രി പറയുന്നു.















