സംസ്ഥാനത്ത് ഐഎഎസ് തലപ്പത്തെ പോര് തുടരുന്നു. മേലുദ്യോഗസ്ഥനെ സമൂഹമാദ്ധ്യമങ്ങളിലൂടെ അപമാനിച്ചതിനെ തുടർന്നുള്ള വിവാദങ്ങളിൽ എൻ പ്രശാന്തും ചീഫ് സെക്രട്ടറിയും നേർക്കുനേർ പോരിലാണ്. ബുധനാഴ്ച വൈകിട്ട് ഹിയറിംഗ് നടക്കാനിരിക്കെയാണ് സോഷ്യൽ മീഡിയയിലൂടെ തുറന്ന പോരിലേക്ക് നീങ്ങുന്നത്.
മേലുദ്യോഗസ്ഥനെ സമൂഹമാദ്ധ്യമങ്ങളിലൂടെ അധിക്ഷേപിച്ചതിന്റെ പേരിൽ നാളിത്ര കഴിഞ്ഞിട്ടും വിവാദം കെട്ടടങ്ങിയിട്ടില്ല. വിഷയത്തിൽ ബുധനാഴ്ച വൈകിട്ട് ഹിയറിംഗിന് ഹാജരാകാൻ നോട്ടീസയച്ചിരിരുന്നു. ഇതിനിടെ ഇന്നലെയും ഫെയ്സ്ബുക്കിലൂടെ ചീഫ് സെക്രട്ടറി ശാരാദ മുരളീധരനെ വിമർശിച്ച് എൻ പ്രശാന്ത് രംഗത്തെത്തി. ഒരിടവേളക്ക് ശേഷം ഐഎഎസ് തലപ്പത്ത് വീണ്ടും തുറന്ന പോരിന് തുടക്കമായിരിക്കുകയാണ്.
ബുധനാഴ്ച ഹാജരാകണമെന്ന് പ്രശാന്തിന് നേരത്തെ ചീഫ് സെക്രട്ടറിയായ ശാരദാ മുരളീധരൻ നോട്ടിസ് നൽകിയിരുന്നു. ഈ ഹിയറിംഗ് ലൈവ് സ്ട്രീം ചെയ്യണമെന്നും വിഡിയോ റെക്കോർഡ് ചെയ്യണമെന്നുമായിരുന്നു പ്രശാന്തിന്റെ ആവശ്യം. എന്നാലിത് ചീഫ് സെക്രട്ടറി നിരസിക്കുകയായിരുന്നു. ഇതിന് പിന്നാലെയാണ് ഫെയ്സ്ബുക്ക് പോസ്റ്റുമായി പ്രശാന്ത് എത്തിയത്.
ഉന്നത ഉദ്യോഗസ്ഥനെ നവമാദ്ധ്യമങ്ങൾ വഴി അധിക്ഷേപിച്ചെന്ന ആരോപണത്തിൽ സസ്പെൻഷനിലായ പ്രശാന്തിനെ മുഖ്യമന്ത്രിയുടെ നിർദ്ദേശ പ്രകാരമാണ് ചീഫ് സെക്രട്ടറി ഹിയറിംഗിന് വിളിപ്പിച്ചത്. ആവശ്യം നിരസിച്ചതോടെ ബുധാനാഴ്ച പബ്ലിക് ഹിയറിംഗിന് പ്രശാന്ത് എത്തുമോ എന്നും കണ്ടറിയണം. വകുപ്പുതല നടപടിയുടെ ഭാഗമായാണ് ഹിയറിംഗ്.















