മുംബൈ ഭീകരാക്രമണക്കേസിലെ മുഖ്യസൂത്രധാരൻ തഹാവൂർ ഹുസൈൻ റാണയെ അമേരിക്കയിൽ നിന്നെത്തിച്ചതിന് ശേഷം NIA നടപടികൾ പുരോഗമിക്കുകയാണ്. കഴിഞ്ഞ ദിവസം പത്ത് മണിക്കൂറോളമാണ് റാണയെ NIA ചോദ്യം ചെയ്തതെന്നാണ് വിവരം. ദിവസവും 8-10 മണിക്കൂർ ചോദ്യം ചെയ്യുന്നുണ്ടെന്ന് NIA അധികൃതർ പറയുന്നു.
പേന, പേപ്പർ, ഖുറാൻ എന്നീ വസ്തുക്കളാണ് റാണ ഇതുവരെ ആവശ്യപ്പെട്ടതെന്ന് NIA ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് ദേശീയ മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നുണ്ട്. കേസ് അന്വേഷിക്കുന്ന പ്രധാന ഉദ്യോഗസ്ഥൻ ജയ റോയിയുടെ നേതൃത്വത്തിലുള്ള എൻഐഎ സംഘം റാണയെ ചോദ്യം ചെയ്യൽ തുടരുകയാണ്.
അതേസമയം റാണയുടെ മലയാളി ബന്ധങ്ങൾ തേടി എൻഐഎ സംഘം കൊച്ചിയിൽ അന്വേഷണം ആരംഭിച്ചു. റാണയെ തെളിവെടുപ്പിന് എത്തിക്കുന്നതിന് മുമ്പ് പ്രത്യേക എൻഐഎ സംഘമെത്തി കൂടുതൽ വിവരങ്ങൾ ശേഖരിക്കും. 2008 നവംബറിൽ കേരളത്തിലെത്തിയ തഹാവൂർ റാണ കൂടുതൽ നാൾ തങ്ങിയത് കൊച്ചിയിലായിരുന്നു.
ഭീകരവാദ റിക്രൂട്ടിംഗിനായാണ് ഇയാൾ രാജ്യത്തെ വൻ നഗരങ്ങളിലെല്ലാം എത്തിയതെന്നാണ് സൂചന. റാണ കൊച്ചിയിലെത്തിയത് മുംബൈ സ്ഫോടനം നടക്കുന്നതിന് പത്ത് ദിവസം മുമ്പാണ്. ലഷ്കർ-ഇ ത്വയ്ബയിലേക്കുള്ള റിക്രൂട്ടിംഗിന്റെ പേരിലാണ് കൊച്ചിയിൽ തങ്ങിയതെങ്കിലും നിരവധി ദുരൂഹ കൂടിക്കാഴ്ചകൾ ഇതിനിടെ റാണ നടത്തിയിട്ടുണ്ട്. തഹാവൂർ റാണയുടെ പശ്ചാത്തലമറിഞ്ഞുതന്നെ എല്ലാ സഹായങ്ങളും നൽകിയ ചിലർ കൊച്ചിയിലുണ്ടെന്നാണ് സൂചന. കൂടാതെ റാണ ഫോൺ വിളിച്ച 13 നമ്പറുകളിൽ ഒരാളെ കൊച്ചിയിൽ നിന്ന് NIA സംഘം കസ്റ്റഡിയിലെടുത്തെന്ന വിവരവും പുറത്തുവന്നിരുന്നു. എന്നാൽ ഇക്കാര്യം NIA ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ല.
18 ദിവസത്തെ കസ്റ്റഡി കാലാവധി അവസാനിക്കുന്നതിന് മുമ്പ് റാണയെ തെളിവെടുപ്പിനായി കേരളത്തിലെത്തിച്ചേക്കും.
ഏതാനും മലയാളികൾ എൻഐഎ നിരീക്ഷണത്തിലാണ്. നിലവിൽ കൊച്ചി യൂണിറ്റ് നേരിട്ട് അന്വേഷണ സംഘത്തിലില്ല. ഡൽഹി യൂണിറ്റ് നേരിട്ടാണ് അന്വേഷണം.















