വയനാട് എംപി പ്രിയങ്കയുടെ ഭർത്താവും ബിസിനസുകാരനുമായ റോബർട്ട് വാദ്രയ്‌ക്ക് വീണ്ടും നോട്ടീസ് അയച്ച് ഇഡി. ഭൂമി ഇടപാടിലൂടെ കള്ളപ്പണം വെളുപ്പിച്ചെന്ന കേസിലാണ് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ നടപടി.
ഹരിയാനയിലെ ഷിക്കോപൂരിലെ ഭൂമി ഇടപാടാണ് കേസിനാധാരം. ചോദ്യം ചെയ്യലിനായി ഹാജരാകണമെന്നാണ് വാദ്രയോട് ഇഡി ആവശ്യപ്പെട്ടിരിക്കുന്നത്. ഇതേ കേസുമായി ബന്ധപ്പെട്ട് രണ്ടാം തവണയാണ് ഇഡിയുടെ നോട്ടീസ്. നേരത്തെ സമൻസ് അയച്ചത് ഏപ്രിൽ എട്ടിനായിരുന്നു. എന്നാൽ റോബർട്ട് വാദ്ര ഹാജരായില്ല. തുടർന്നാണ് വീണ്ടും നോട്ടീസ് അയച്ചത്.
2008 ഫെബ്രുവരിയിലായിരുന്നു കേസിനാസ്പദമായ ഭൂമി ഇടപാട് നടന്നത്. വാദ്രയുടെ സ്കൈലൈറ്റ് ഹോസ്പിറ്റാലിറ്റി 7.5 കോടി രൂപയ്‌ക്ക് ഭൂമി വാങ്ങി. മാസങ്ങൾ ആവശ്യമായ പ്രക്രിയ ഒറ്റ ദിവസം കൊണ്ട് പൂർത്തിയായി. ദിവസങ്ങൾക്കകം അവിടെ ഹൗസിംഗ് സൊസൈറ്റി നിർമിക്കുന്നതിനുള്ള അനുമതി വാദ്രയ്‌ക്ക് ലഭിക്കുകയും ചെയ്തു. ഇതോടെ ഭൂമിയുടെ വില കുത്തനെ ഉയർന്നു. ഫെബ്രുവരിയിൽ വാങ്ങിയ ഭൂമി ജൂണിൽ വിൽക്കുകയും ചെയ്തു. 58 കോടിക്കാണ് വിറ്റത്.