ചണ്ഡീഗഢ്: ഹരിയാനയിലെ യമുനാ നഗറിലേക്കുള്ള സന്ദർശനവേളയിൽ തന്റെ പ്രിയപ്പെട്ട ആരാധകനെ നേരിൽകണ്ട് പ്രധാനമന്ത്രി നരേന്ദ്രമോദി. മോദി പ്രധാനമന്ത്രിയായതിനുശേഷം മാത്രമേ താൻ ഷൂസ് ധരിക്കൂ എന്ന് 14 വർഷം മുമ്പ് പ്രതിജ്ഞയെടുത്ത രാംപാൽ കശ്യപിനെയാണ് പ്രധാനമന്ത്രി കാണാൻ എത്തിയത്. മോദി പ്രധാനമന്ത്രി പദത്തിലെത്തിയെങ്കിലും അദ്ദേഹത്തെ നേരിൽ കാണണമെന്ന ആഗ്രഹം സഫലമായിരുന്നില്ല. അതിനാൽ തന്റെ ദൃഢനിശ്ചയത്തിൽ തന്നെ ഉറച്ചുനിൽക്കുകയായിരുന്നു രാംപാൽ.
അംബേദ്‌കർ ജയന്തി ദിനത്തിൽ മോദി യമുന നഗറിൽ എത്തിയപ്പോൾ രാംപാൽ കശ്യപിന്റെ 14 വർഷത്തെ കാത്തിരിപ്പ് അവസാനിച്ചു. പ്രധാനമന്ത്രി അദ്ദേഹത്തോട് തന്റെ ശപഥം അവസാനിപ്പിക്കാൻ ആവശ്യപ്പെടുകയും ഒരു ജോഡി ഷൂസ് രാംപാലിന് സമ്മാനമായി നൽകുകയും ചെയ്‌തു. അദ്ദേഹത്തെ ഷൂസ് ധരിക്കാൻ സഹായിക്കുന്നതിന്റെ വീഡിയോ മോദി എക്‌സിൽ പങ്കിട്ടു.
“രാംപാൽ ജിയെപ്പോലുള്ള ആളുകളാൽ ഞാൻ വിനീതനാണ്, അവരുടെ സ്നേഹവും സ്വീകരിക്കുന്നു. എന്നാൽ അത്തരം പ്രതിജ്ഞകൾ എടുക്കുന്ന എല്ലാവരോടും ഞാൻ അഭ്യർത്ഥിക്കുന്നു; നിങ്ങളുടെ സ്നേഹത്തെ ഞാൻ വിലമതിക്കുന്നു… ദയവായി സാമൂഹിക പ്രവർത്തനവുമായും രാഷ്‌ട്രനിർമ്മാണവുമായും ബന്ധപ്പെട്ട കാര്യങ്ങളിൽ ശ്രദ്ധ കേന്ദ്രീകരിക്കൂ!” മോദി പോസ്റ്റിനൊപ്പം കുറിച്ചു
പ്രധാനമന്ത്രി എക്‌സിൽ പോസ്റ്റ് ചെയ്ത വീഡിയോയിൽ, വെള്ള കുർത്തയും പൈജാമയും ധരിച്ച രാംപാൽ, നഗ്നപാദനായി മോദിയിട്ട് എടുത്തിരിക്കുന്നത് കാണാം. ഇരുവരും ഒരു സോഫയിൽ ഇരിക്കുമ്പോൾ, മോദി കശ്യപിനോട് ചോദിക്കുന്നു, ” സഹോദരാ നിങ്ങൾ എന്തിനാണ് ഇത് ചെയ്തത്?എന്തിനാണ് ഇങ്ങനെ ബുദ്ധിമുട്ടുന്നത്? രാംപാലിനെപുതിയ ഷൂസ് ധരിപ്പിച്ച അദ്ദേഹം ഭാവിയിൽ ഒരിക്കലും ഇങ്ങനെ ചെയ്യരുതെന്നും ആവശ്യപ്പെട്ടു.