ഇസ്ലാമാബാദ്: പാകിസ്താനിൽ വീണ്ടും സ്ഫോടനം. സുരക്ഷാ ഉദ്യോഗസ്ഥരുമായി പോയ വാഹനത്തിന് സമീപമാണ് ബോംബ് പൊട്ടിത്തെറിച്ചത്. ആക്രമണത്തിൽ മൂന്ന് ഉദ്യോഗസ്ഥർ കൊല്ലപ്പെടുകയും 18 പേർക്ക് പരിക്കേൽക്കുകയും ചെയ്തു. പാകിസ്താനിലെ ബലൂചിസ്ഥാൻ പ്രവിശ്യയിലുള്ള മസ്തുംഗ് ജില്ലയിലാണ് ആക്രമണം നടന്നത്. ആക്രമണത്തിന്റെ ഉത്തരവാദിത്വം ആരും ഇതുവരെ ഏറ്റെടുത്തിട്ടില്ല.
ഇതിനിടെ വടക്കുപടിഞ്ഞാറൻ പാകിസ്താനിൽ മൂന്ന് പോളിയോ വർക്കേഴ്സിനെ തോക്കുധാരികളായ അജ്ഞാതരെത്തി ആക്രമിച്ചിരുന്നു. പോളിയോക്കെതിരെ ദേശവ്യാപക ക്യാമ്പയിൻ പ്രഖ്യാപിച്ചതിനിടെയാണ് തട്ടിക്കൊണ്ടുപോകൽ നടന്നത്. ഏപ്രിൽ 21 മുതൽ ക്യാമ്പയിൻ ആരംഭിക്കും. രാജ്യത്തെ 45 ദശലക്ഷം കുട്ടികൾക്ക് പോളിയോക്കെതിരായ കുത്തിവെപ്പ് എടുക്കാൻ പ്രേരിപ്പിക്കുന്നതിന് വേണ്ടിയുള്ളതാണ് ക്യാമ്പയിൻ. ജനുവരി മുതലുള്ള കണക്കുപ്രകാരം രാജ്യത്തെ ആറ് കുട്ടികളിൽ പോളിയോ സ്ഥിരീകരിച്ചിരുന്നു.
രണ്ട് ആക്രമണവും ഒരേദിവസമാണ് നടന്നത്. ബലൂചിലെ ആക്രമണത്തിന് പിന്നിൽ ബലോച് വിമതരാണെന്നാണ് സൂചന.















