കോട്ടയം: കോട്ടയത്ത് മീനച്ചിലാറ്റിലേക്ക് ചാടി അഭിഭാഷകയും രണ്ട് പെൺകുഞ്ഞുങ്ങളും മരിച്ചു. കോട്ടയം അയർക്കുന്നിലാണ് സംഭവം. മുത്തോലി മുൻ പഞ്ചായത്ത് പ്രസിഡന്റ് അഡ്വക്കേറ്റ് ജിസ്മോളും (34 ) മക്കളുമാണ് പുഴയിൽ ചാടിയത്. മക്കളായ നേഹ (5 ) പൊന്നു (2) എന്നിവരുടെ മൃതദേഹമാണ് ആദ്യം കണ്ടെത്തിയത്. ഏറ്റുമാനൂർ നീറിക്കാട് തൊണ്ണൻ മാവുങ്കൽ സ്വദേശി ജിമ്മിയുടെ ഭാര്യയാണ് ജിസ്മോൾ.
ജിസ്മോൾ ഹൈക്കോടതിയിലും പാലായിലും അഭിഭാഷകയായി പ്രവർത്തിച്ചുവരികയായിരുന്നു. ചൊവ്വാഴ്ച ഉച്ചയ്‌ക്ക് ശേഷം ഏറ്റുമാനൂർ പേരൂർ കണ്ണമ്പുരാക്കടവിലാണ് കുട്ടികളുടെ മൃതദേഹം കണ്ടത്. തുടർന്ന് നാട്ടുകാർ നടത്തിയ തെരച്ചിലിലാണ് ജിസ്‌മോളെ ആറുമാനൂർ ഭാഗത്തുനിന്നും കണ്ടെത്തിയത്. കുട്ടികളെയും അമ്മയെയും കരയിലെത്തിച്ച് ഉടൻ തന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും ആരുടേയും ജീവൻ രക്ഷിക്കാനായില്ല.
നാട്ടുകാരും പൊലീസും ചേർന്ന് നടത്തിയ പരിശോധനയിൽ കണ്ണമ്പുര ഭാഗത്തുനിന്നും ജിസ്മോളുടേതെന്ന് കരുതുന്ന സ്കൂട്ടർ കണ്ടെത്തിയിട്ടുണ്ട്. സ്കൂട്ടറിൽ അഭിഭാഷകയുടെ ചിഹ്നമുള്ള സ്റ്റിക്കർ പതിച്ചിരുന്നതിനാലാണ് വാഹനം ഇവരുടേതെന്ന നിഗമനത്തിലെത്തിയത്. മരണകാരണം വ്യക്തമല്ല. പോലീസ് കൂടുതൽ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.