തിരുവനന്തപുരം: പൊതുസ്ഥലത്ത് പുകവലിക്കുന്നത് ചോദ്യം ചെയ്ത പൊലീസുകാരെ ഹെൽമറ്റ് കൊണ്ടടിച്ച് പരിക്കേൽപ്പിച്ച 19 കാരൻ അറസ്റ്റിൽ. കുളത്തൂർ മൺവിള സ്വദേശി റയാൻ ബ്രൂണോ ആണ് പിടിയിലായത് . അക്രമണത്തിൽ രണ്ട് പൊലീസുകാർക്ക് പരിക്കേറ്റിട്ടുണ്ട്.
ഇന്നലെ കഴക്കൂട്ടം തൃപ്പാദപുരത്താണ് സംഭവം നടന്നത്. പൊതുസ്ഥലത്തിരുന്ന് സിഗരറ്റ് വലിക്കുന്നത് ശ്രദ്ധയിൽപ്പെട്ട് പൊലീസ് സിഗരറ്റ് കളയാൻ റയാനോട് ആവശ്യപ്പെട്ടു. എന്നാൽ യുവാവ് സിഗരറ്റ് വലിക്കുന്നത് തുടർന്നു. ഇതോടെ കയ്യിലിരുന്ന സിഗരറ്റ് തട്ടിക്കളഞ്ഞ് ഫൈനും എഴുതി നൽകി പൊലീസ് സംഘം ജീപ്പിൽ കയറി. പ്രകോപിതനായ യുവാവ് കഴക്കൂട്ടത്തുവച്ച് പൊലീസ് വാഹനം തടയുകയായിരുന്നു. ഈസമയം അമ്മയും ഇയാൾക്കൊപ്പം ഉണ്ടായിരുന്നു. തുടർന്ന് കയ്യിലുണ്ടായിരുന്ന ഹെൽമറ്റ് കൊണ്ട് പൊലീസ് ജീപ്പിലിരുന്ന പൊലീസ് ഉദ്യോഗസ്ഥരുടെ മുഖത്ത് അടിക്കുകയായിരുന്നു.
ഉടൻ തന്നെ മറ്റ് പൊലീസുകാർ ചേർന്ന് ഇയാളെ പിടികൂടി. ഡ്യൂട്ടി തടസപ്പെടുത്തിയതിനും ശാരീരികമായി ആക്രമിച്ചതിനും വിവിധ വകുപ്പുകൾ ചുമത്തി കേസെടുത്തിട്ടുണ്ട്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.