കൊൽക്കത്ത: മുർഷിദാബാദിൽ പ്രതിഷേധം തുടരുന്ന പശ്ചാത്തലത്തിൽ അഭ്യൂഹങ്ങൾ പ്രചരിപ്പിച്ച സോഷ്യൽമീഡിയ അക്കൗണ്ടുകൾ പൂട്ടിച്ചു. സോഷ്യൽമീഡിയയിലൂടെ കുപ്രചരണങ്ങൾ നടത്തുകയും അഭ്യൂഹങ്ങൾ പ്രചരിപ്പിക്കുകയും ചെയ്ത 1,093 അക്കൗണ്ടുകളാണ് പൂട്ടിച്ചത്. 221 പേരെ ഇതുവരെ അറസ്റ്റ് ചെയ്തിട്ടുണ്ട്.
അക്രമം പൊട്ടിപ്പുറപ്പെടുന്നതിന് മുമ്പായി ചില സോഷ്യൽമീഡിയ അക്കൗണ്ടുകളിലൂടെ പ്രകോപനപരമായതും തെറ്റായതുമായ നിരവധി സന്ദേശങ്ങൾ പ്രചരിച്ചിരുന്നു. തുടർന്ന് പ്രദേശത്തെ ഇന്റർനെറ്റ് സർവീസ് പൂർണമായും വിച്ഛേദിച്ചിരുന്നു. പ്രതിഷേധ റാലിയിൽ പങ്കെടുക്കുന്നതിനായി സോഷ്യൽമീഡിയ വഴി ക്യാമ്പെയിനുകൾ നടന്നതായും മുതിർന്ന പൊലീസ് ഉദ്യോഗസ്ഥൻ പറഞ്ഞു.
ഏപ്രിൽ 11-ന് ആരംഭിച്ച പ്രതിഷേധം തുടക്കത്തിൽ സമാധാനപരമായിരുന്നെങ്കിലും പിന്നീട് അക്രമാസക്തമാവുകയായിരുന്നു. പ്രതിഷേധക്കാർ പൊലീസിന് നേരെ കല്ലേറിയുകയും ആയുധങ്ങളുമായി എത്തി അക്രമം നടത്തുകയും ചെയ്തു. ഇതോടെയാണ് മുർഷിദാബാദ് കലാപഭൂമിയായി മാറിയത്. പൊതു-സ്വാകര്യസ്വത്തുക്കൾ അക്രമികൾ നശിപ്പിച്ചു. അക്രമത്തിൽ മൂന്ന് പേരാണ് കൊല്ലപ്പെട്ടത്.
ഹൈന്ദവരെ ലക്ഷ്യമിട്ടാണ് ആക്രമണം നടക്കുന്നതെന്ന് ബിജെപി നേതാവ് സുവേന്ദു അധികാരി ആരോപിച്ചു. മുർഷിദാബാദിൽ നടക്കുന്ന അക്രമങ്ങൾ ആസൂത്രിതമാണെന്നും ഇതിന് പിന്നിൽ പ്രവർത്തിച്ചവരെ വെറുതെവിടില്ലെന്നും മുതിർന്ന പൊലീസ് ഉദ്യോഗസ്ഥൻ പറഞ്ഞു.















