എറണാകുളം: പ്രധാനമന്ത്രി നരേന്ദ്രമോദിയുമായി മുനമ്പം സമരസമിതി കൂടിക്കാഴ്ച നടത്തും. ഈസ്റ്ററിന് ശേഷമായിരിക്കും കൂടിക്കാഴ്ച. ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖറാണ് ഇതിനുള്ള അവസരം ഒരുക്കിയത്.
സമരസമിതി നേതാക്കളായ സിജി ജിൻസൺ, ഫിലിപ്പ് ജോസി, മുനമ്പം പള്ളി വികാരി ആന്റണി സേവിയർ, എസ്എൻഡിപി നേതാവ് മുരുകൻ കാടികുളത് എന്നിവർ അടങ്ങിയ പതിനഞ്ചംഗ സംഘമാണ് പ്രധാനമന്ത്രിയെ കാണുക.
കേരളത്തിലെ ചെറിയ ഭൂപ്രദേശത്ത് നടക്കുന്ന സമരം വലിയ തോതിൽ ദേശീയ ശ്രദ്ധ ആകർഷിച്ചിരുന്നു. വഖ്ഫ് ഭേദഗതി ബില്ലിന്റെ അവതരണ വേളയിൽ അടക്കം മുനമ്പം എന്ന പേര് നിരവധി തവണ പരാമർശിക്കപ്പെട്ടിരുന്നു. ഇതിനിടെയാണ് പ്രധാനമന്ത്രിയും വിഷയത്തിൽ നേരിട്ട് ഇടപെടുന്നത്. രണ്ട് ദിവസം മുൻപാണ് പ്രധാനമന്ത്രിയെ നേരിട്ട് കാണമെന്ന ആവശ്യം മുനമ്പം സമരസമിതി രാജീവ് ചന്ദ്രശേഖറിനോട് ഉന്നയിച്ചത്. 48 മണിക്കൂറിമുള്ളിൽ തന്നെ ഇത് സംബന്ധിച്ച് സ്ഥീരീകരണം ലഭിച്ചുവെന്നും വലിയ സന്തോഷത്തിലും ആത്മവിശ്വാസത്തിലുമാണെന്നും സമരസമിതി നേതാക്കൾ പറഞ്ഞു.















