ന്യൂഡൽഹി: സംരക്ഷിത സ്മാരകങ്ങൾ വഖ്ഫ് ആകില്ലെന്ന് സുപ്രീംകോടതി. വഖ്ഫ് ഭേദഗതി നിയമത്തിനെതിരെ വിവിധ പ്രതിപക്ഷ പാർട്ടികൾ സമർപ്പിച്ച 73 ഹർജികൾ പരിഗണിക്കുന്നതിനിടെയാണ് സുപ്രീംകോടതിയുടെ പരാമർശം. സംരക്ഷിത സ്മാരകങ്ങൾ പിന്നീടെങ്ങനെ വഖ്ഫ് ആകുമെന്നാണ് കോടതിയുടെ ചോദ്യം. മതാചാരവും ഭരണനിർവഹണവും കൂട്ടിക്കലർത്താൻ കഴിയില്ലെന്നും കോടതി നിരീക്ഷിച്ചു. വ്യാജ അവകാശവാദം ഒഴിവാക്കാൻ രേഖ സമർപ്പിക്കണമെന്ന മാനദണ്ഡം നല്ലതാണെന്നും കോടതി ചൂണ്ടിക്കാട്ടി.
വഖ്ഫ് നിയമ ഭേദഗതി ചോദ്യം ചെയ്ത ഹർജികളിൽ വാദത്തിനായി ആദ്യമെത്തിയത് മുസ്ലീം ലീഗിന്റെ അഭിഭാഷകനായ കപിൽ സിബലായിരുന്നു. മതപരമായ ആചാരങ്ങൾ ഭരണഘടന നൽകുന്ന അവകാശമാണെന്ന് വാദിച്ച കപിൽ സിബൽ, വഖ്ഫ് എന്നത് ഇസ്ലാം മതത്തിലെ അനിവാര്യ ആചാരമാണെന്നും ഊന്നിപ്പറഞ്ഞു. ആചാരത്തെ ചോദ്യം ചെയ്യാൻ സർക്കാരിന് എന്ത് അധികാരമാണുള്ളതെന്നും പാർലമെന്ററി നിയമത്തിലൂടെ മതാചാരത്തിലാണ് സർക്കാർ ഇടപെട്ടതെന്നും കപിൽ സിബൽ ആരോപിച്ചു. പുതിയ വഖ്ഫ് ഭേദഗതി നിയമം ഭരണഘടനയുടെ 25, 26 അനുച്ഛേദങ്ങളുടെ ലംഘനമാണെന്നും അദ്ദേഹം അവകാശപ്പെട്ടു.
വഖ്ഫ് ഭേദഗതി നിയമത്തിന്റെ സാധ്യതകളെക്കുറിച്ചുള്ള ചോദ്യങ്ങൾ സുപ്രീംകോടതി ഉയർത്തി. വഖ്ഫ് ആണെന്ന് പറഞ്ഞ് വസ്തു രജിസ്റ്റർ ചെയ്തിട്ടുണ്ടെങ്കിൽ നിയമഭേദഗതിക്ക് ശേഷം എങ്ങനെയാണ് കാര്യങ്ങളെന്ന് കോടതി ആരാഞ്ഞു. അത് വഖ്ഫ് ഭൂമി ആണോ, അതോ വഖ്ഫ് ഭൂമി അല്ലാതാകുമോയെന്നായിരുന്നു ചീഫ് ജസ്റ്റിസിന്റെ ചോദ്യം. ഭൂമി സംബന്ധിച്ച തർക്കത്തിൽ തീരുമാനമെടുക്കുന്നത് ആരാകുമെന്നും ചീഫ് ജസ്റ്റിസ് ചോദിച്ചു. പല മസ്ജിദുകളും 15-ാം നൂറ്റാണ്ടിന് മുൻപ് സ്ഥാപിച്ചവയാണ്. അതിന്റെ വിൽപ്പന കരാർ എങ്ങനെ ലഭ്യമാകുമെന്നും കോടതി ചോദിച്ചു. ഉപയോഗം വഴിയോ കോടതി ഉത്തരവ് വഴിയോ വഖ്ഫ് ആയ ഭൂമി തൽസ്ഥിതി തുടരണമെന്നും കോടതി നിർദേശിച്ചു.
കോടതി വിധികൾ റദ്ദാക്കാൻ പാർലമെന്റിന് അധികാരമില്ലെന്ന് ഓർമിപ്പിച്ച ചീഫ് ജസ്റ്റിസ് സഞ്ജീവ് ഖന്ന, കോടതി വിധികളുടെ അടിസ്ഥാനത്തിൽ നിമയം നിർമിക്കാനാണ് പാർലമെന്റിന് അധികാരമെന്ന് വ്യക്തമാക്കി. വിശദമായ ചർച്ചകൾക്കൊടുവിലാണ് നിയമം പാസാക്കിയതെന്ന് സോളിസിറ്റർ ജനറഷ തുഷാർ മേത്ത മറുപടി നൽകി. ഇതുവരെ രജിസ്റ്റർ ചെയ്യപ്പെട്ട സ്വത്തുക്കൾ വഖ്ഫ് ഭൂമിയായി തുടരുമെന്നും കേന്ദ്രസർക്കാരിന് വേണ്ടി വാദിച്ച തുഷാർ മേത്ത പറഞ്ഞു.















