നടി വിൻസി അലോഷ്യസിന്റെ വെളിപ്പെടുത്തലിൽ അന്വേഷണം. സഹതാരത്തിന്റെ ലഹരി ഉപയോഗത്തെക്കുറിച്ച് വിൻസി നടത്തിയ വെളിപ്പെടുത്തലിൽ വിശദമായ അന്വേഷണം നടത്താനാണ് എക്സൈസ് നീക്കം. നടിയിൽ നിന്ന് വരങ്ങൾ ശേഖരിച്ച ശേഷം തുടർനടപടി കൈക്കൊള്ളുമെന്ന് എക്സൈസ് വ്യക്തമാക്കി. വിൻസിയിൽ നിന്ന് പരാതി എഴുതിവാങ്ങി കേസെടുക്കാനാണ് പൊലീസിന്റെ നീക്കം. നടിയോട് മോശമായി പെരുമാറിയ നടൻ അമ്മയിൽ അംഗത്വമുള്ള വ്യക്തിയാണെങ്കിൽ ശക്തമായ നടപടിയെടുക്കുമെന്ന് താരസംഘടനയും വ്യക്തമാക്കി.
കഴിഞ്ഞദിവസമായിരുന്നു സിനിമാസെറ്റിൽ നേരിട്ട ദുരനുഭവത്തെക്കുറിച്ച് വിൻസി വെളിപ്പെടുത്തിയത്. സഹപ്രവർത്തകനായ താരം സെറ്റിൽ വച്ച് ലഹരി ഉപയോഗിക്കുകയും തന്നോടും മറ്റൊരു സഹപ്രവർത്തകയോടും മോശമായി പെരുമാറുകയും ചെയ്തെന്നായിരുന്നു വെളിപ്പെടുത്തൽ. നടന്റെ പേര് വിൻസി വെളിപ്പെടുത്തിയിരുന്നില്ല. ഏത് സിനിമയുടെ സെറ്റിലായിരുന്നുവെന്നും താരം പൊതുമദ്ധ്യത്തിൽ അറിയിച്ചിട്ടില്ല. എന്നാൽ വിൻസിയുടെ ആരോപണത്തെക്കുറിച്ച് അന്വേഷിക്കാനാണ് എക്സൈസിന്റെയും പൊലീസിന്റെയും നീക്കം.
കേസെടുക്കാൻ പര്യാപ്തമായ വിവരങ്ങൾ ലഭിച്ചാൽ തുടർനടപടിയുണ്ടാകുമെന്ന് എക്സൈസ് വ്യക്തമാക്കി. നടിയുടെ ആരോപണത്തെക്കുറിച്ച് സ്റ്റേറ്റ് ഇന്റലിജൻസും അന്വേഷണം തുടങ്ങിയിട്ടുണ്ടെന്നാണ് വിവരം. അതേസമയം മോശമായി പെരുമാറിയ നടന്റെ പേര് വിൻസി അലോഷ്യസ് ഉടൻ വെളിപ്പെടുത്തുമെന്നാണ് താരസംഘടനയായ അമ്മ അറിയിക്കുന്നത്. ഇക്കാര്യവുമായി ബന്ധപ്പെട്ട് വിൻസിയുമായി സംസാരിച്ചെന്നും അമ്മ ഭാരവാഹി ജയൻ ചേർത്തല വ്യക്തമാക്കി.















