അലഹാബാദ്: മാതാപിതാക്കളുടെ ആഗ്രഹത്തിന് വിരുദ്ധമായി സ്വന്തം ഇഷ്ടപ്രകാരം വിവാഹം കഴിക്കുന്ന ദമ്പതികൾക്ക് പൊലീസ് സംരക്ഷണം അവകാശപ്പെടാൻ കഴിയില്ലെന്ന് അലഹബാദ് ഹൈക്കോടതി. ദമ്പതികൾക്ക്, അവരുടെ ജീവനും സ്വാതന്ത്ര്യത്തിനും ഭീഷണിയി ല്ലാത്തപക്ഷം പൊലീസിൽ നിന്നും അങ്ങനെയൊരു സംരക്ഷണം ലഭിക്കില്ലെന്ന് കോടതി വ്യക്തമാക്കി. സംരക്ഷണം ആവശ്യപ്പെട്ട് ദമ്പതികൾ സമർപ്പിച്ച അപേക്ഷ പരിഗണിക്കുന്നതിനിടെയാണ് കോടതി വിധി.
അർഹമായ കേസിൽ ദമ്പതികൾക്ക് കോടതിക്ക് സുരക്ഷ നൽകാൻ കഴിയുമെന്നും എന്നാൽ ഭീഷണിയുടെ അഭാവത്തിൽ ദമ്പതികൾ പരസ്പരം താങ്ങാവാനും സമൂഹത്തെ നേരിടാനും പഠിക്കണമെന്നും ഉത്തരവിൽ പറയുന്നു. പൊലീസ് സംരക്ഷണം ആവശ്യപ്പെട്ട് ദമ്പതികളായ ശ്രേയ കേസർവാനിയും ഭർത്താവും സമർപ്പിച്ച റിട്ട് ഹർജി പരിഗണിക്കവെയാണ് ജസ്റ്റിസ് സൗരഭ് ശ്രീവാസ്തവ ഈ നിരീക്ഷണം നടത്തിയത്.
ഹർജിയിൽ ഉന്നയിച്ച വാദങ്ങൾ പരിശോധിച്ച ശേഷം, ഹർജിക്കാർക്ക് ഗുരുതരമായ ഭീഷണിയൊന്നുമില്ലെന്ന് ചൂണ്ടിക്കാട്ടി കോടതി അവരുടെ റിട്ട് ഹർജി തീർപ്പാക്കി. ഹർജിക്കാരുടെ ജീവനും സ്വാതന്ത്ര്യവും അപകടത്തിലാണെന്ന് കരുതാൻ ചെയ്യാൻ യാതൊരു കാരണമോ വസ്തുതയോ ഇല്ലെന്നും കോടതി നിരീക്ഷിച്ചു. ആരെങ്കിലും അവരോട് മോശമായി പെരുമാറുകയോ കൈയേറ്റം ചെയ്യുകയോ ചെയ്താൽ, കോടതികളും പൊലീസ് അധികാരികളും അവരെ രക്ഷിക്കാൻ എത്തുമെന്ന് കോടതി ഉറപ്പ് നൽകുകയും ചെയ്തു.