അഗർത്തല: ഇന്ത്യ-ബംഗ്ലാദേശ് അതിർത്തിയിലൂടെയുള്ള ലഹരിക്കടത്ത് ശ്രമം പരാജയപ്പെടുത്തി ബിഎസ്എഫ്. ത്രിപുരയിലെ സെപാഹിജാല ജില്ലയ്‌ക്ക് കീഴിലുള്ള എൻസി നഗറിലെ ബോർഡർ ഔട്ട് പോസ്റ്റ് (ബിഒപി) സൈനികർ പ്രദേശത്തുനിന്നും കോടികൾ വിലമതിക്കുന്ന യാബ ഗുളികകളുടെ പാക്കറ്റുകൾ ഉപേക്ഷിച്ച നിലയിൽ കണ്ടെത്തി.
രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ സുരക്ഷാസേന അതിർത്തിയിൽ നിരീക്ഷണം ശക്തമാക്കിയിരുന്നു.അന്താരാഷ്‌ട്ര അതിർത്തിക്ക് സമീപം സംശയാസ്പദമായ നീക്കങ്ങൾ ബിഎസ്എഫ് ഉദ്യോഗസ്ഥരുടെ ശ്രദ്ധയിൽപ്പെട്ടതോടെ കള്ളക്കടത്തുകാർ ലഹരിവസ്തുക്കൾ അതിർത്തിയിൽ ഉപേക്ഷിച്ച് ഓടി രക്ഷപ്പെടുകയായിരുന്നു.
പ്രദേശത്ത് നടത്തിയ തിരച്ചിലിൽ ഏകദേശം 4.38 കോടി രൂപ വിലമതിക്കുന്ന 43,800 യാബ ഗുളികകളുടെ 21 പാക്കറ്റുകൾ കണ്ടെടുത്തു . കൂടാതെ, അതേ ദിവസം തന്നെ ത്രിപുര അതിർത്തിയിലെ വിവിധ സ്ഥലങ്ങളിൽ നിന്ന് 3,68,604 രൂപ വിലമതിക്കുന്ന മറ്റ് ലഹരി വസ്തുക്കളും ബിഎസ്എഫ് സൈനികർ പിടിച്ചെടുത്തു. അതിർത്തി കടന്നുള്ള ലഹരിക്കടത്ത് തടയുന്നതിനും ദേശീയ സുരക്ഷ ഉറപ്പാക്കുന്നതിനുമുള്ള തീവ്ര ശ്രമങ്ങളുടെ ഭാഗമാണ് ഈ വിജയകരമായ പ്രവർത്തനമെന്ന് ബിഎസ്എഫ് അറിയിച്ചു . പിടിച്ചെടുത്ത വസ്തുക്കൾ തുടർ നിയമ നടപടികൾക്കായി ബന്ധപ്പെട്ട ഏജൻസികൾക്ക് കൈമാറി.















