നടൻ ഷൈൻ ടോം ചാക്കോയ്‌ക്കെതിരെ നടി വിൻസി അലോഷ്യസ് സിനിമ സംഘടനകൾക്ക് നൽകിയ പരാതിയുടെ കൂടുതൽ വിശദാംശങ്ങൾ പുറത്ത്. സിനിമാ സെറ്റിൽ വച്ച് ഷൈൻ ലൈംഗിക ചുവയോടെ സംസാരിച്ചുവെന്ന് ഫിലിം ചേമ്പറിനും ഇന്റേണൽ കംപ്ലേയന്റെ് കമ്മിറ്റിക്കും നൽകിയ പരാതിയിൽ പറയുന്നു. ഷൂട്ടിംഗിനിടെ വസ്ത്രം ശരിയാക്കാൻ അടുത്ത മുറിയിലേക്ക് മാറിയപ്പോൾ ഷൈൻ പിന്നാലെ വന്നു. പരിസരബോധം പോലും ഇല്ലാതെ ഞാൻ വസ്ത്രം ശരിയാക്കി തരാമെന്ന് പറഞ്ഞു. ഇതിനെല്ലാം സിനിമ സെറ്റ് മുഴുവൻ സാക്ഷിയാണെന്നും പരാതിയിൽ ചൂണ്ടിക്കാട്ടുന്നു.
തന്റെ വീട്ടിന് അടുത്ത് പൊന്നാനിയിൽ ആയിരുന്നു ലൊക്കേഷൻ. വളരെ കുറച്ച് ദിവസം മാത്രമായിരുന്നു തനിക്ക് ഷൂട്ടുണ്ടായിരുന്നത്. സിനിമയിലെ സഹപ്രവർത്തകയ്‌ക്കും ഷൈനിൽ നിന്നും മോശം അനുഭവമുണ്ടായി. സിനിമയിലെ മറ്റുള്ളവർ വളരെ നന്നായാണ് പെരുമാറിയത്. എന്നാൽ ലൈംഗിക ചുവയോടെ അപമരാദ്യയായാണ് ഷൈൻ ആദ്യം മുതലേ പെരുമാറിയത്.
ഷൈൻ ലഹരി ഉപയോഗിക്കുന്നത് സൈറ്റിൽ എല്ലാവരും കണ്ടതാണ്. നടന്റെ ലഹരി ഉപയോഗം കാരണം സിനിമ എങ്ങനെ മുന്നോട്ട് പോകും എന്ന ആശങ്ക എല്ലാവർക്കും ഉണ്ടായിരുന്നു. ക്ലോസ് ഷോട്ട് എടുക്കുമ്പോൾ കൃഷ്ണമണിയിൽ വ്യത്യാസം കാണുന്നുണ്ടായിരുന്നു. ഈ ദൃശ്യങ്ങൾ മോണിറ്ററിൽ ലഹരി ഉപയോഗത്തിന്റെ കൃത്യമായ സൂചനകൾ നൽകുന്നതായിരുന്നു. ഡയലോഗ് പറയുമ്പോൾ വായിൽ നിന്ന് വെള്ളവും വെളുത്ത പൊടിക്കട്ടകളും തെറിച്ച് വീഴുന്നുണ്ടായിരുന്നു. പല സമയത്ത് പലതരത്തിലായിരുന്നു പെരുമാറ്റം. ഒരു സമയത്ത് പോലും അടങ്ങിനിൽക്കാൻ നടന് കഴിയുന്നുണ്ടായിരുന്നില്ല. തന്റെ പരാതിയുടെ മേൽ സിനിമ മുടങ്ങരുത്. ഡി അഡിക്ഷൻ സെന്റിൽ ചികിത്സ തേടി നടൻ സിനിമയിലേക്ക് തിരിച്ചുവരട്ടെയെന്നും നടി പറയുന്നു.















