ആരോപണവിധേയനായ നടന്റെ പേര് പുറത്തുവരണമെന്ന് താൻ ആഗ്രഹിച്ചിട്ടില്ലെന്ന് വിൻസി അലോഷ്യസ്. വളരെ രഹസ്യാത്മകമായി താൻ നൽകിയ പരാതിയുടെ വിവരങ്ങളാണ് പുറത്തുവന്നത്. നടന്റെ പേരോ സിനിമയുടെ പേരോ പുറത്തുപോകില്ലെന്ന് താൻ അണിയറപ്രവർത്തകർക്ക് ഉറപ്പുനൽകിയിരുന്നതാണെന്നും വിൻസി പറഞ്ഞു.
റിലീസ് ചെയ്യാത്ത സിനിമയായതിനാൽ നടന്റെ പേര് പുറത്തുവരുന്നത് സിനിമയ്‌ക്ക് ദോഷം ചെയ്യും. ആ സിനിമയുടെ എല്ലാ അണിയറപ്രവർത്തകരും തന്നോട് വളരെ നല്ലരീതിയിൽ പെരുമാറിയവരാണ്. നിഷ്കളങ്കരായ നിരവധി പേരുടെ അധ്വാനം കൂടിയാണ് ആ സിനിമ. പ്രധാന അഭിനേതാവിനെതിരെ സിനിമയിലെ നടി തന്നെ രംഗത്തെത്തുന്നത് ആ സിനിമയ്‌ക്ക് പിന്നിൽ ആത്മാർത്ഥമായി പ്രവർത്തിച്ച അനേകം പേരുടെ അധ്വാനത്തെ ബാധിക്കുമെന്നും നടി ചൂണ്ടിക്കാട്ടി.
പരാതിയുടെ രഹസ്യസ്വഭാവം സൂക്ഷിക്കാൻ സംഘടനകൾക്ക് കഴിഞ്ഞില്ലെന്നും താൻ നൽകിയ പരാതിയിലെ വിശദാംശങ്ങൾ പുറത്തുവിട്ടത് മോശമായിപ്പോയെന്നും വിൻസി കൂട്ടിച്ചേർത്തു. നിയമ നടപടിയുമായി മുന്നോട്ട് പോകില്ലെന്ന് വ്യക്തമാക്കിയ നടി, താരങ്ങൾ ലഹരി ഉപയോഗിക്കുന്ന വിഷയത്തിൽ സിനിമാ മേഖലയ്‌ക്ക് അകത്താണ് നടപടി വേണ്ടതെന്നും അതാണ് താൻ ആവശ്യപ്പെട്ടതെന്നും ഊന്നിപ്പറഞ്ഞു.
ലഹരി ഉപയോഗിക്കുന്നവരുമായി അഭിനയിക്കില്ല എന്നതാണ് തന്റെ തീരുമാനം. ആരോപണ വിധേയനായ നടന് നല്ലമാറ്റം ഉണ്ടായെന്ന് ബോധ്യപ്പെട്ടാൽ അയാൾക്കൊപ്പവും അഭിനയിക്കും. സിനിമയെ മോശമാക്കണമെന്ന് ആഗ്രഹിച്ചിട്ടില്ല. അതുകൊണ്ടാണ് നിയമ നടപടികളുമായി മുന്നോട്ട് പോകാത്തതെന്നും വിൻസി പറഞ്ഞു.















