പൊതുയിടത്തിൽ താൻ പറഞ്ഞ അശ്ലീല തമാശ ജീവിതത്തിൽ നഷ്ടങ്ങൾ മാത്രമാണ് നൽകിയതെന്ന് യൂട്യൂബർ രൺവീർ അലഹബാദിയ. കഴിഞ്ഞ കുറച്ച് മാസങ്ങളായി താൻ മാനസികസമ്മർദ്ദത്തിലാണെന്നും തന്റെ മാനസികാരാേഗ്യവും അവസരങ്ങളും നഷ്ടപ്പെട്ടുവെന്നും രൺവീൺ പറഞ്ഞു. യൂട്യൂബിലെ ചോദ്യോത്തരവേളയിലാണ് രൺവീറിന്റെ പ്രതികരണം.
“ആ സംഭവത്തിന് ശേഷം എന്താണുണ്ടത്” എന്നതായിരുന്നു സബ്സ്ക്രൈബറുടെ ചോദ്യം. “ആരോഗ്യം, പ്രശസ്തി, സമാധാനം, സന്തോഷം, അവസരങ്ങൾ, പണം എന്നിവയെല്ലാം എനിക്ക് നഷ്ടപ്പെട്ടു. ഇതൊക്കെ തിരികെ കൊണ്ടുവരാൻ ഇനിയും സമയമെടുക്കും. എന്റെ തെറ്റ് കാരണം എന്റെ വേണ്ടപ്പെട്ടവർ ഒരുപാട് വിഷമിച്ചു. എന്റെ കുടുംബം, സുഹൃത്തുക്കൾ അങ്ങനെ എല്ലാവരും. പെട്ടെന്ന് എന്റെയും എനിക്കൊപ്പമുള്ള 300 പേരുടെയും കരിയർ ഇല്ലാതായി”.
“മനുഷ്യന്മാരുടെ യഥാർത്ഥ സ്വഭാവത്തെ കുറിച്ച് നന്നായി ഞാൻ മനസിലാക്കി. ഒരാൾ വീഴുന്നത് കാണാൻ മറ്റുള്ളവർക്ക് ഇഷ്ടമാണ്. ആ സംഭവം എന്റെ ജോലിയെയും മോശമായി ബാധിച്ചു. പക്ഷേ, എന്റെ മാതാപിതാക്കളാണ് കൂടെ നിന്നത്. എനിക്ക് ധൈര്യം കിട്ടുന്നത് അവരിൽ നിന്നാണ്. എന്റെയും കുടുംബത്തിന്റെയും മാനസികാവസ്ഥ വളരെ ദുഷ്കരമാണ്. പക്ഷേ, നമ്മൾ അതും മറികടക്കുമെന്ന്” രൺവീർ പറഞ്ഞു.
കൊമേഡിയൻ സമയ് റൈനയുടെ നേതൃത്വത്തിൽ സംഘടിപ്പിച്ച India’s Got Latent എന്ന പരിപാടിക്കിടെയാണ് രൺവീർ അലഹബാദിയ അശ്ലീല പരാമർശം നടത്തിയത്. പരാമർശം വിവാദമായതിന് പിന്നാലെ വലിയ സൈബറാക്രമണങ്ങളാണ് രൺവീറിനെതിരെ ഉയർന്നത്. ഇതിന്റെ പശ്ചാത്തലത്തിൽ സോഷ്യൽമീഡിയയിൽ നിന്ന് മാറിനിൽക്കുകയായിരുന്നു താരം.”സമയ് റൈനയുമായി സംസാരിക്കാറുണ്ടോ”എന്ന ചോദ്യത്തിന് ആ സംഭവത്തിന് ശേഷം തങ്ങൾ പഴയതിനേക്കാൾ കൂടുതൽ അടുത്തെന്നും നല്ല സമയങ്ങളിലും മോശം സമയങ്ങളിലും പരസ്പരം കൂടെ നിൽക്കുമെന്നും രൺവീർ പ്രതികരിച്ചു.















