കഴിഞ്ഞ ദിവസം നടന്ന രാജസ്ഥാൻ റോയൽസ്-ഡൽഹി കാപിറ്റൽസ് സൂപ്പർ ഓവർ ത്രില്ലർ മത്സരത്തിനിടെ കളിക്കളത്തിൽ നിന്നും പുറത്തേക്കുപോയ രാജസ്ഥാൻ ക്യാപ്റ്റൻ സഞ്ജു സാംസണിന് പരിക്കേറ്റതായി റിപ്പോർട്ടുകൾ. വാരിയെല്ലിന് പരിക്കേറ്റ താരം റിട്ടയേർഡ് ഹർട്ടായാണ് കളം വിട്ടത്. മത്സരശേഷം പരിക്കിനെപ്പറ്റി ചോദിച്ചപ്പോൾ കുഴപ്പമില്ലെന്നും നിരീക്ഷണത്തിൽ തുടരുകയാണെന്നുമായിരുന്നു സഞ്ജുവിന്റെ മറുപടി.
“നിലവിൽ കുഴപ്പമില്ല. തിരിച്ചുവന്ന് ബാറ്റ് ചെയ്യാൻ എനിക്ക് കഴിയുമായിരുന്നില്ല. ഇപ്പോൾ കുഴപ്പമൊന്നുമില്ല. നാളെ പരിക്കിന്റെ സ്വഭാവം നിരീക്ഷിച്ച് കാര്യങ്ങൾ എങ്ങനെയാണെന്ന് നോക്കാം,” മത്സരശേഷം സഞ്ജു പറഞ്ഞു.
വെറും 19 പന്തിൽ നിന്ന് മൂന്ന് സിക്‌സും രണ്ട് ഫോറുമടക്കം 31 റൺസ് നേടി, ടീമിന് ശക്തമായ അടിത്തറ നൽകിയ താരത്തിന് പരിക്ക് കാരണം ഇന്നിംഗ്സിന്റെ അവസാന പകുതിയിൽ പുറത്തിരിക്കേണ്ടി വന്നു. ഡിസി ബൗളർ വിപ്രജ് നിഗം എറിഞ്ഞ ആർആർ ഇന്നിംഗ്സിന്റെ ആറാം ഓവറിലാണ് സംഭവം. വാരിയെല്ലുകളിൽ വേദന അനുഭവപ്പെട്ടതിനെത്തുടർന്ന് ബാറ്റ് ചെയ്യാൻ നന്നേ വിഷമിക്കുന്ന സഞ്ജുവിനെയാണ് ആരാധകർ കണ്ടത്. താരം റിട്ടയേർഡ് ഹാർട്ടായി മടങ്ങിയതോടെ പരിക്ക് ഗുരുതരമാണോ അല്ലയോ എന്ന ആശങ്ക ആരാധകരിലും ഉയർന്നു.















