തിരുവനന്തപുരം: ക്ഷേത്രോത്സവത്തിൽ വിപ്ലവഗാനം പാടിയ സംഭവത്തിൽ ഗസൽ ഗായകൻ അലോഷി ആദത്തിനെതിരെ വീണ്ടും പരാതി. ആറ്റിങ്ങൽ അവനവഞ്ചേരി ഇണ്ടിളയപ്പൻ ക്ഷേത്രത്തിലാണ് അലോഷി വീണ്ടും വിപ്ലവഗാനം പാടിയത്. സംഭവത്തിൽ ഒരു സംഘം ഭക്തർ ആറ്റിങ്ങൽ പൊലീസിൽ പരാതി നൽകിയിട്ടുണ്ട്.
കഴിഞ്ഞ ഏഴിനായിരുന്നു സംഭവം. കൊല്ലം കടയ്‌ക്കൽ ക്ഷേത്രത്തിൽ വിപ്ലവഗാനം ആലപിച്ചതിന് അലോഷിക്കെതിരെ കേസെടുത്തിരുന്നു. ഹൈക്കോടതിയുടെ നിർദേശപ്രകാരമാണ് കേസെടുത്തത്. വിമർശനങ്ങൾ കെട്ടണയുന്നതിന് മുമ്പാണ് വീണ്ടും അലോഷിയുടെ വിപ്ലവഗാനം. ഭക്തരുടെ പരാതിയിൽ പൊലീസ് കേസെടുത്തു.
കടയ്‌ക്കൽ തിരുവാതിരയുടെ ഭാഗമായി നടന്ന പരിപാടിയിലാണ് അലോഷി
വിപ്ലവഗാനം ആലപിച്ചത്. എന്നാൽ കാണികൾ പറഞ്ഞതിനാലാണ് താൻ ഗാനം പാടിയതെന്ന് പറഞ്ഞ് അലോഷി തടിയൂരാൻ ശ്രമിച്ചെങ്കിലും ഹൈക്കോടതി വെറുതെവിട്ടില്ല. ഉത്സവം കൂടാനാണ് ഭക്തർ ക്ഷേത്രത്തിൽ എത്തുന്നതെന്നും ഇത്തരം പ്രവർത്തികൾ അനുവദിക്കില്ലെന്നും ഹൈക്കോടതി വിമർശിച്ചു.