തിരുവനന്തപുരം: വിഴിഞ്ഞം തുറമുഖം മെയ് രണ്ടിന് പ്രധാനമന്ത്രി നരേന്ദ്രമോദി രാജ്യത്തിന് സമർപ്പിക്കും. പതിനൊന്ന് മണിയോടെയാണ് കമ്മീഷനിംഗ് ചടങ്ങുകൾ നിശ്ചയിച്ചിരിക്കുന്നത്. പ്രധാനമന്ത്രിയുടെ ഓഫീസ് ഇക്കാര്യം ഒദ്യോഗികമായി സംസ്ഥാന സർക്കാരിനെ അറിയിച്ചു. ഗവർണർ വിശ്വനാഥ് അർലേക്കർ, കേന്ദ്രമന്ത്രി- സംസ്ഥാന തുറമുഖ മന്ത്രിമാർ അടക്കമുള്ളവർ ചടങ്ങിൽ പങ്കെടുക്കും.
2015ലാണ് വിഴിഞ്ഞം തുറമുഖ പദ്ധതി ആരംഭിച്ചത്. രാജ്യത്തിന്റെ ആദ്യ ട്രാൻസ്ഷിപ്പ്മെന്റ് കണ്ടെയ്നർ തുറമുഖമായാണ് വിഴിഞ്ഞത്ത് കമ്മിഷനിംഗ് ചെയ്യുന്നത്. തുറമുഖത്തിന്റെ ആദ്യഘട്ട നിർമാണം നേരത്തെ തന്നെ പൂർത്തിയായിരുന്നു. പി.പി.പി. മാതൃകയിൽ പണി പൂർത്തിയായ ആദ്യഘട്ടത്തിൽ തുറമുഖനിർമാണത്തിനുമാത്രം ചെലവഴിച്ചത് 5552 കോടിരൂപയാണ്. കഴിഞ്ഞ വർഷം ജൂലൈ മുതൽ മദർഷിപ്പുകളടക്കം നിരവധി കൂറ്റൻ കപ്പലുകൾ വിഴിഞ്ഞത്ത് എത്തുന്നുണ്ട്.















