കൊൽക്കത്ത: പശ്ചിമ ബംഗാളിൽ രാഷ്ട്രപതി ഭരണം ഏർപ്പെടുത്തണമെന്ന് ബിജെപി എംപിയും ജെപിസി ചെയർമാനുമായ ജഗദംബിക പാൽ. മുർഷിദാബാദിൽ വഖ്ഫ് ഭേദഗതി ബില്ലിനെതിരെയുള്ള പ്രതിഷേധത്തിന്റെ മറവിൽ നടക്കുന്ന അക്രമങ്ങൾക്ക് ഉത്തരവാദി സംസ്ഥാന സർക്കാരാണെന്നും അദ്ദേഹം പറഞ്ഞു. ബംഗാളിൽ നടന്ന അക്രമങ്ങളുടെ പശ്ചാത്തലത്തിലാണ് ബിജെപി എംപിയുടെ പ്രതികരണം.
സംസ്ഥാന സർക്കാരും പൊലീസും നിശബ്ദത പാലിക്കുകയാണ്. സംസ്ഥാന സർക്കാരാണ് അക്രമങ്ങളുടെ ഉത്തരവാദി. ഹിന്ദുക്കൾക്ക് സ്വന്തം നാട്ടിൽ നിന്ന് പലായനം ചെയ്യേണ്ടിവന്ന അവസ്ഥയാണ് മുർഷിദാബാദിലെന്നും ജഗദംബിക പാൽ പറഞ്ഞു.
അതേസമയം, മുർഷിദാബാദിലെ പ്രതിഷേധം നിയന്ത്രണവിധേയമാണെന്ന് സംസ്ഥാന സർക്കാർ കൊൽക്കത്ത ഹൈക്കോടതിയെ അറിയിച്ചു. ദേശീയ മനുഷ്യാവകാശ കമ്മീഷൻ, സംസ്ഥാന മനുഷ്യാവകാശ കമ്മീഷൻ, സംസ്ഥാന നിയമ സേവന അതോറിറ്റി എന്നിവയിലുള്ള ഓരോ അംഗങ്ങൾ ഉൾപ്പെടുന്ന മൂന്നംഗ പാനൽ മുർഷിദാബാദ് സന്ദർശിച്ച് വേണ്ട നടപടികൾ കൈക്കൊള്ളണമെന്ന് ഹൈക്കോടതി നിർദേശിച്ചു.
മുർഷിദാബാദ് കലാപം എൻഐഎയ്‌ക്ക് കൈമാറണമെന്ന ബിജെപി നേതാവ് സുവേന്ദു അധികാരിയുടെ ഹർജി ഡിവിഷൻ ബെഞ്ച് പരിഗണിച്ചു. മുർഷിദാബാദിലെ സ്ഥിതിഗതികൾ കണക്കിലെടുത്ത് കൂടുതൽ സിഎപിഎഫ് ഉദ്യോഗസ്ഥരെ വിന്യസിക്കണമെന്ന് കേന്ദ്ര സർക്കാരിന് വേണ്ടി ഹാജരായ അഭിഭാഷകൻ കോടതിയെ അറിയിച്ചു.