ചെന്നൈ: സ്ത്രീകളെയും ഹിന്ദുക്കളെയും കുറിച്ചുള്ള അശ്ലീല തമാശയ്‌ക്ക് തമിഴ്‌നാട് മന്ത്രി കെ പൊന്മുടിക്കെതിരെ കേസെടുക്കാൻ മദ്രാസ് ഹൈക്കോടതി ഉത്തരവിട്ടു. പൊൻമുടിക്കെതിരെ എഫ്‌ഐആർ ഫയൽ ചെയ്യണമെന്നും നിർദ്ദേശം അവഗണിച്ചാൽ സ്വമേധയാ നടപടിയെടുക്കുമെന്ന് കോടതി മുന്നറിയിപ്പ് നൽകി.
കുറച്ച് ദിവസങ്ങൾക്ക് മുമ്പ് ചെന്നൈയിൽ നടന്ന യോഗത്തിൽ ശൈവ വൈഷ്ണവ വിശ്വാസങ്ങളെക്കുറിച്ച് മന്ത്രി പൊൻമുടി നടത്തിയ ലൈംഗിക അധിക്ഷേപം വിവാദമായിരുന്നു. വിവിധ പാർട്ടികൾ ഇതിനെ അപലപിച്ചു. ഇതേത്തുടർന്ന്, പൊന്മുടിയെ ഡിഎംകെയുടെ ഡെപ്യൂട്ടി സെക്രട്ടറി ജനറൽ സ്ഥാനത്ത് നിന്ന് ഒഴിവാക്കിയെങ്കിലും മന്ത്രി സ്ഥാനത്ത് തുടരുകയാണ്.
പൊന്മുടിയുടെ അധിക്ഷേപ പരാമർശങ്ങളുടെ പേരിൽ അദ്ദേഹത്തെ മന്ത്രി സ്ഥാനത്ത് നിന്ന് പുറത്താക്കണമെന്ന് വിവിധ രാഷ്‌ട്രീയ പാർട്ടികൾ ആവശ്യപ്പെടുന്നുണ്ട് . വിവാദ പ്രസംഗത്തിന് ഖേദം പ്രകടിപ്പിച്ചു കൊണ്ട് മന്ത്രി പൊന്മുടി പ്രസ്താവന ഇറക്കിയിരുന്നു. അതേസമയം, പൊന്മുടിയെ മന്ത്രി സ്ഥാനത്ത് നിന്ന് മാറ്റണമെന്ന് ആവശ്യപ്പെട്ട് അഭിഭാഷകൻ ജഗന്നാഥ് ചെന്നൈ ഹൈക്കോടതിയിൽ പൊതുതാൽപ്പര്യ ഹർജി ഫയൽ ചെയ്തു.
പ്രസ്തുത ഹർജി ഇന്നലെ ചെന്നൈ ഹൈക്കോടതി ജഡ്ജി ആനന്ദ് വെങ്കിടേഷിന്റെ ബെഞ്ചിന് മുമ്പാകെ വാദം കേൾക്കാൻ വന്നു. മന്ത്രി പൊന്മുടിയുടെ പ്രസംഗം തികച്ചും ദൗര്‍ഭാഗ്യകരമാണെന്ന് ജഡ്ജി പറഞ്ഞു. “ഒരു മന്ത്രി ഉത്തരവാദിത്തത്തോടെ സംസാരിക്കേണ്ടതല്ലേ? പൊന്മുടിയുടെ വിദ്വേഷ പ്രസംഗം സംബന്ധിച്ച് കേസെടുത്തിട്ടുണ്ടോ?” എന്ന് അദ്ദേഹം ചോദിച്ചു. ഇതുസംബന്ധിച്ച് 5 പരാതികൾ ലഭിച്ചതായി തമിഴ്‌നാട് സർക്കാർ മറുപടി നൽകി.
മന്ത്രി പൊന്മുടിയുടെ അപകീർത്തികരമായ പ്രസംഗത്തിന്റെ വീഡിയോ തെളിവുണ്ട്. പരാതിയില്ലാതെ പോലീസ് കേസെടുക്കണമായിരുന്നുവെന്ന് പറഞ്ഞ ജഡ്ജി, മന്ത്രി പൊന്മുടിക്കെതിരെ കേസെടുക്കാൻ ഉത്തരവിട്ടു. മന്ത്രി പൊൻമുടിക്കെതിരെ ഒരു പരാതിയുടെ മാത്രം അടിസ്ഥാനത്തിൽ കേസ് രജിസ്റ്റർ ചെയ്താൽ മതിയെന്നും നാലോ അഞ്ചോ കേസുകൾ രജിസ്റ്റർ ചെയ്യുന്നത് കേസിന്റെ വ്യാപ്തി കുറയ്‌ക്കുമെന്നും ജസ്റ്റിസ് ആനന്ദ് വെങ്കിടേഷ് ഉപദേശിച്ചു. കേസ് ഫയൽ ചെയ്തില്ലെങ്കിൽ കോടതിയലക്ഷ്യ നടപടി സ്വീകരിക്കുമെന്ന് മുന്നറിയിപ്പ് നൽകിയ ജഡ്ജി, കേസ് പരിഗണിക്കുന്നത് 23-ാം തീയതിയിലേക്ക് മാറ്റി.















