വിവാദങ്ങൾക്കിടെ ഷൈൻ ടോം ചാക്കോയും വിൻസി അലോഷ്യസും ഒന്നിക്കുന്ന സൂത്രവാക്യം എന്ന ചിത്രത്തിന്റെ ഫസ്റ്റ്ലുക്ക് പോസ്റ്റർ പുറത്തിറങ്ങി. സിനിമയുടെ ലൊക്കേഷനിൽ വച്ച് നടനിൽ നിന്നുണ്ടായ മോശം അനുഭവത്തെ കുറിച്ച് വിൻസി വെളിപ്പെടുത്തിയതിന് പിന്നാലെയാണ് ഫസ്റ്റ്ലുക്ക് പോസ്റ്റർ ഇറങ്ങിയത്. ഷൈൻ ടോം ചാക്കോയും വിൻസിയും പോസ്റ്റർ സോഷ്യൽമീഡിയയിൽ പങ്കുവച്ചിട്ടുണ്ട്.
ചിത്രത്തിന്റെ പോസ്റ്ററിൽ വിൻസി ഉൾപ്പെടെയുള്ള അണിയറപ്രവർത്തകരെ ഷൈൻ മെൻഷൻ ചെയ്തിട്ടുണ്ട്. പോസ്റ്റർ പുറത്തിറങ്ങിയതിന് പിന്നാലെ അണിയറപ്രവർത്തകർക്കെതിരെ വലിയ വിമർശനങ്ങളും ഉയരുകയാണ്. സിനിമയുടെ പ്രമോഷന് വേണ്ടിയുള്ള നാടകമാണോ വിൻസിയുടെ വെളിപ്പെടുത്തൽ എന്നാണ് ആളുകൾ ചോദിക്കുന്നത്. മാർക്കറ്റിംഗ് തന്ത്രം, കേസും വിവാദങ്ങളും നടക്കുമ്പോൾ സിനിമയുടെ അണിയറപ്രവർത്തകർ സന്തോഷിക്കുന്നു, ആരും അറിയാത്ത സിനിമ എല്ലാവരെയും അറിയിച്ചു, ഒളിവിലിരുന്ന് മാർക്കറ്റിംഗ് എന്നിങ്ങനെയാണ് കമന്റുകൾ.

യൂജിൻ ജോസ് ചിറമേൽ സംവിധാനം ചെയ്യുന്ന ഫാമിലി കോമഡി ചിത്രമാണ് സൂത്രവാക്യം. തെലുങ്കിലെ പ്രമുഖ നിർമാണ കമ്പനികളിൽ ഒന്നായ സിനിമാബണ്ടി പ്രൊഡക്ഷൻസിന്റെ ബാനറിൽ ശ്രീകാന്ത് കണ്ട്റഗുലയാണ് ചിത്രം നിർമിക്കുന്നത്.
സിനിമയുടെ ലൊക്കേഷനിൽ വച്ച് ഷൈൻ മോശമായി പെരുമാറിയെന്നും ലഹരി ഉപയോഗിച്ചെന്നുമാണ് വിൻസിയുടെ വെളിപ്പെടുത്തൽ. സംഭവത്തിൽ ഷൈനിനെതിരെ വിൻസി ഫിലിം ചേംബറിന് പരാതി നൽകിയിട്ടുണ്ട്. ഇതിന് പിന്നാലെ ഇന്നലെ രാത്രിയോട് കൂടിയാണ് സിനിമയുടെ ഫസ്റ്റ്ലുക്ക് എത്തിയത്.















