ന്യൂഡൽഹി: ജുഡീഷ്യറിക്കെതിരേ രൂക്ഷവിമർശനവുമായി ഉപരാഷ്‌ട്രപതി ജഗദീപ് ധൻകർ രംഗത്തെത്തി. ബില്ലുകൾ പാസാക്കുന്നതിന് രാഷ്‌ട്രപതിക്കും ഗവർണർമാർക്കും സമയപരിധി നിശ്ചയിച്ച സുപ്രീം കോടതി വിധിക്ക് പിന്നാലെ കോടതികൾ രാഷ്‌ട്രപതിയ്‌ക്ക് നിർദേശം നൽകുന്ന സാഹചര്യം നമുക്കില്ലെന്ന് അദ്ദേഹം പറഞ്ഞു. സുപ്രീം കോടതിക്ക് പ്രത്യേകാധികാരങ്ങൾ നൽകുന്ന ഭരണഘടനയുടെ 142-ാം അനുച്ഛേദം ജനാധിപത്യ ശക്തികൾക്കെതിരായ ആണവ മിസൈൽ ആയി മാറിയിരിക്കുകയാണെന്നും ഉപരാഷ്‌ട്രപതി പറഞ്ഞു. രാജ്യസഭാ ഇന്റേണുകളുടെ ആറാം ബാച്ചിനെ അഭിസംബോധന ചെയ്തുകൊണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ദല്‍ഹി ഹൈക്കോടതി ജഡ്ജിയുടെ ഔദ്യോഗിക വസതിയില്‍ നിന്ന് പണം കണ്ടെടുത്തതിനെയും പിന്നാലെയുണ്ടായ സംഭവവികാസങ്ങളെയും ഉപരാഷ്‌ട്രപതി വിമര്‍ശിച്ചു.
“രാഷ്‌ട്രപതിയാണ് രാജ്യത്തെ പരമോന്നത പദവിയിലുള്ള വ്യക്തി. ഈയടുത്ത് പുറപ്പെടുവിക്കപ്പെട്ട ഒരു വിധിയിൽ രാഷ്‌ട്രപതിയോടായി ഒരു കാര്യം നിർദേശിക്കപ്പെട്ടിരിക്കുകയാണ്. നമ്മൾ എവിടേക്കാണ് പോകുന്നത്?”രാജ്യത്ത് എന്താണ് സംഭവിക്കുന്നത്? റിവ്യൂ ഫയൽ ചെയ്യണോ വേണ്ടയോ എന്നതല്ല ഇവിടുത്തെ ചോദ്യം. സമയബന്ധിതമായി തീരുമാനമെടുക്കാൻ രാഷ്‌ട്രപതിയോട് ആവശ്യപ്പെടുന്നു. ഇല്ലെങ്കിൽ അത് നിയമമായി മാറുന്നു. നിയമ നിർമ്മാണങ്ങൾ നടത്തുന്ന, എക്സിക്യൂട്ടീവ് പ്രവർത്തനങ്ങൾ നിർവ്വഹിക്കുന്ന ‘സൂപ്പർ പാർലമെന്റ്’ ആയി പ്രവർത്തിക്കുന്ന ജഡ്ജിമാർ നമുക്കുണ്ട്, ബില്ലുകൾ പാസാക്കുന്നതിന് സമയപരിധി നിശ്ചയിച്ചുകൊണ്ടുള്ള സുപ്രീം കോടതി വിധിയെ സൂചിപ്പിച്ചുകൊണ്ട് ധൻകർ പറഞ്ഞു.
ഡൽഹി ഹൈക്കോടതി ജഡ്ജിയായിരുന്ന യശ്വന്ത് വർമയുടെ വീട്ടിൽനിന്ന് കോടിക്കണക്കിന് രൂപ കണ്ടെത്തിയതിലും ഉപരാഷ്‌ട്രപതി ജുഡീഷ്യറിക്കെതിരേ വിമർശനം ഉന്നയിച്ചു. സംഭവത്തിൽ സുപ്രീം കോടതി മൂന്നംഗ ജഡ്ജിമാരുടെ സമിതിയെ നിയമിച്ചതിനെ അദ്ദേഹം ചോദ്യം ചെയ്തു. “ഇത്തരത്തിൽ ഒരു അന്വേഷണം ജുഡീഷ്യറിയുടെ അധികാരപരിധിയിൽ വരുന്നതല്ല. ഭരണഘടനയുടെ അടിസ്ഥാനത്തിലാണോ ഈ സമിതി രൂപീകരിച്ചത്. അതല്ല പാർലമെന്റ് പാസാക്കിയ ഏതെങ്കിലും നിയമത്തിന്റെ അടിസ്ഥാനത്തിലോ ഇത്”. ജഗദീപ് ധൻകർ ചോദിച്ചു.
“ഒരുമാസമായി അന്വേഷണം നടക്കുന്നു. ഈ സമിതിക്ക് എന്ത് നിയമസാധുതയാണുള്ളത്. ഈ സമിതി റിപ്പോർട്ട് നിയമപരമല്ല. ജഡ്ജിമാരുടെ കാര്യത്തിൽ തീരുമാനമെടുക്കേണ്ടത് പാർലമെന്റ് ആണ്”, അദ്ദേഹം ചൂണ്ടിക്കാട്ടി. “മാർച്ച് 14നും 15നും ഇടയിലുള്ള രാത്രിയിൽ നടന്ന സംഭവം പുറത്തറിഞ്ഞത് ഏഴ് ദിവസത്തിന് ശേഷമാണ്. ഒളിപ്പിച്ചുവെച്ച വിവരങ്ങൾ പൂർണ്ണമായും പുറത്തുവരണം” അദ്ദേഹം പറഞ്ഞു. ജഡ്ജിമാർക്കെതിരേ കേസെടുക്കണമെങ്കിൽ ജുഡീഷ്യറിയുടെ അനുമതി വേണമെന്നത് ഭരണഘടനയിൽ ഒരിടത്തുമില്ലാത്ത നിർവചനമാണെന്നും അദ്ദേഹം പറഞ്ഞു. പണം കണ്ടെത്തിയ ശേഷം ജഡ്ജിക്കെതിരേ ഒരു എഫ്ഐആർ പോലും ഫയൽ ചെയ്തിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.
“ദിവസങ്ങള്‍ക്കുശേഷമാണ് സംഭവം പുറംലോകം അറിഞ്ഞത്. ആ വെളിപ്പെടുത്തലില്‍ രാജ്യത്തെ ജനങ്ങള്‍ മുമ്പൊരിക്കലും ഇല്ലാത്തവിധം ഞെട്ടിപ്പോയി, ജനങ്ങള്‍ അനിശ്ചിതത്വത്തിലായി, അഗാധമായ ആശങ്കയുണ്ടായി. ജനങ്ങള്‍ അങ്ങേയറ്റം ആദരവോടെ നോക്കിയിരുന്ന നമ്മുടെ ഒരു സ്ഥാപനത്തെ പ്രതിക്കൂട്ടില്‍ നിര്‍ത്തിയതില്‍ രാജ്യം അസ്വസ്ഥമാണ്. പണം പിടിച്ചെടുത്തതിന് ശേഷം ജഡ്ജിക്കെതിരെ ഒരു എഫ്ഐആര്‍ പോലും ഫയല്‍ ചെയ്തിട്ടില്ല. ഈ രാജ്യത്ത് ആര്‍ക്കും, ഏതൊരു വ്യക്തിക്ക് എതിരെയും ഭരണഘടനാ പദവിയിലുള്ള ഏത് ഉദ്യോഗസ്ഥനുമെതിരെയും എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്യാന്‍ കഴിയും. ആരുടെയും അനുമതി ആവശ്യമില്ല. എന്നാല്‍ അത് ജഡ്ജിമാരാണെങ്കില്‍, അവര്‍ക്കെതിരെ ഉടന്‍ എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്യാന്‍ കഴിയില്ല. ജുഡീഷ്യറിയില്‍ ബന്ധപ്പെട്ടവര്‍ അത് അംഗീകരിക്കേണ്ടതുണ്ട്, പക്ഷേ അത് ഭരണഘടനയില്‍ പറഞ്ഞിട്ടില്ല”, അദ്ദേഹം പറഞ്ഞു.
അധികാര വിഭജന തത്വം ഊന്നിപ്പറഞ്ഞ അദ്ദേഹം, ജനങ്ങളാൽ തിരഞ്ഞെടുക്കപ്പെടുന്ന ഒരു സർക്കാരിന് പാർലമെന്റിനോടും ജനങ്ങളോടും ഉത്തരവാദിത്തമുണ്ടെന്ന് അടിവരയിട്ടു.















