കഥകളി അഭ്യസിക്കുന്നതിലും അരങ്ങേറുന്നതിലും പുതുമയൊന്നുമില്ല. എന്നാൽ അച്ഛനും മകളും ഒരുമിച്ച് കഥകളി അഭ്യസിക്കുകയും ഒന്നിച്ച് ഒരേവേദിയിൽ അരങ്ങേറുകയും ചെയ്യുന്ന കാഴ്ച അപൂർവമാണ്. തിരുവനന്തപുരം സ്വദേശികളായ അച്ഛനും മകളുമാണ് ഒരേവേദിയിൽ അരങ്ങേറി കാഴ്ചക്കാരിൽ കൗതുകം നിറച്ചത്.

തിരുമല പെരുകാവ് ശ്രീപദ്മത്തിൽ കിരൺ ടി ദാസും കനിഷ്കയുമാണ് കഥകളിയിലൂടെ ശ്രദ്ധപിടിച്ചുപറ്റിയ ആ അച്ഛനും മകളും. പദ്മനാഭസ്വാമി ക്ഷേത്രത്തിലെ വേദിയിലായിരുന്നു ഇരുവരുടെയും അരങ്ങേറ്റം. കേരള യൂണിവേഴ്സിറ്റിയിൽ സെക്ഷൻ ഓഫീസറാണ് കിരൺ. നാലാം ക്ലാസുകാരിയാണ് കനിഷ്ക. ഇരുവരുടേയും ഗുരു ഡോ. നാട്യശാല രാമകൃഷ്ണനാണ്.
അച്ഛൻ കിരൺ ടി ദാസാണ് കഥകളി പരിശീലനം ആദ്യം ആരംഭിച്ചത്. കൊച്ചു കനിഷ്കയും അച്ഛന് കൂട്ടായി കഥകളി ക്ലാസിൽ പോകുമായിരുന്നു. ഇതിനിടെ എപ്പോഴോ തനിക്കും കഥകളി പഠിക്കണമെന്ന മോഹം കനിഷ്കയുടെ കുഞ്ഞുമനസിൽ ഉദിച്ചു. ഭരതനാട്യം നർത്തകിയായ കനിഷ്ക പ്രയാസമേതുമില്ലാതെ അച്ഛനൊപ്പം കഥകളി പഠിക്കാനും തുടങ്ങി. ആറ് മാസം മുൻപേ കിരൺ അരങ്ങേറ്റത്തിന് തയ്യാറായെങ്കിലും മകൾക്കൊപ്പം ഒരേവേദിയിൽ അരങ്ങേറണമെന്ന ആശ കിരണിനും തോന്നി. ഒടുവിൽ ശ്രീ പദ്മനാഭന്റെ സന്നിധിയിൽ ഇരുവരും അരങ്ങേറി. കഥകളിക്ക് ആരംഭംകുറിക്കുന്ന പുറപ്പാടാണ് അച്ഛനും മകളും ചേർന്ന് അവതരിപ്പിച്ചത്. കൊടുങ്ങാനൂർ ഭാരതീയ വിദ്യാഭവൻ സ്‌കൂളിൽ നാലാം ക്ലാസ് വിദ്യാർത്ഥിനിയാണ് കനിഷ്ക.















