അവശനിലയിലായ നടൻ ശ്രീറാമിനെ കണ്ടെത്തി വൈദ്യ സഹായം ലഭ്യമാക്കിയെന്ന് സംവിധായകൻ ലോകേഷ് കനകരാജ്. ആരോഗ്യം ക്ഷയിച്ച് മാനസിക നില തകരാറിലായ നടന്റെ ഇൻസ്റ്റഗ്രാം പോസ്റ്റുകൾ വൈറലായതോടെയാണ് ആരാധകരും ആശങ്കയിലായത്. ടെലിവിഷൻ സീരിയലുകളിലൂടെ അഭിനയ രംഗത്ത് എത്തിയ താരമാണ് ശ്രീറാം.
ലൈംഗികത പ്രകടമാക്കുന്ന ചില കുറിപ്പുകളാണ് അദ്ദേഹം ഇൻസ്റ്റഗ്രാമിൽ പോസ്റ്റ് ചെയ്തിരുന്നത്. എല്ലുകൾ ഉന്തി മുടി നീട്ടി വളർത്തി ആകെ മെലിഞ്ഞ് ഉങ്ങിയ നിലയിലായിരുന്നു ശ്രീറാമുണ്ടായിരുന്നത്. ലഹരി ഉപയോഗമാണെന്നും വിഷാദ രോഗമാണെന്നും തുടങ്ങി നിരവധി ഊഹാപോഹങ്ങൾ പ്രചരിച്ചിരുന്നു. ഇതിനിടെ ചിലർ ലോകേഷ് കനകരാജിനെ സോഷ്യൽ മീഡിയയിൽ ടാഗും ചെയ്തിരുന്നു.
ഇതിന് പിന്നാലെയാണ് നടനെ രക്ഷിക്കുന്നതും വൈദ്യ ചികിത്സ ലഭ്യമാക്കുന്നതും. ഡോക്ടർമാരുടെ നിർദ്ദേശ പ്രകാരം ശ്രീറാം ഇപ്പോൾ സോഷ്യൽ മീഡയയിൽ നിന്ന് അകലം പാലിക്കുകയാണെന്നും മാദ്ധ്യമങ്ങളും സോഷ്യൽ മീഡിയയും അദ്ദേഹത്തിന്റെ സ്വകാര്യത മാനിക്കണമെന്നും ലോകേഷ് പ്രസ്താവനയിൽ പറഞ്ഞു. അദ്ദേഹം രോഗമുക്തിയിലും ആരോഗ്യത്തിലും ശ്രദ്ധ കേന്ദ്രീകരിക്കുന്നതിനാലാണ് സോഷ്യൽ മീഡിയയിൽ നിന്ന് വിട്ടുനിൽക്കുന്നതെന്നും അവർ വ്യക്തമാക്കി. അദ്ദേഹത്തിന്റെ ആരോഗ്യത്തെക്കുറിച്ച് അഭ്യൂഹങ്ങളോ സ്ഥിരീകരിക്കാത്ത വിവരങ്ങളോ പ്രചരിപ്പിക്കരുതെന്നും സംവിധായകൻ അഭ്യർത്ഥിച്ചു.
ബാലാജി ശക്തിവേലിന്റെ വഴക്ക് എൻ 18/9 എന്ന സിനിമയാണ് ശ്രീറാമിനെ തമിഴ് സിനിമയിൽ അടയാളപ്പെടുത്തുന്നത്. മിഷ്കിന്റെ ഓനയും ആട്ടുകുട്ടിയും, സോനേ പപ്ടി, വിൽ അമ്പു ലോകേഷ് കനകരാജിന്റെ മാനഗരം എന്നിവയാണ് ശ്രീറാമിലെ നടനെ കൂടുതലും ഉപയോഗിച്ച ചിത്രങ്ങൾ.
— Lokesh Kanagaraj (@Dir_Lokesh) April 18, 2025