തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറി കെകെ രാഗേഷിനെ കണ്ണൂർ CPM ജില്ലാ സെക്രട്ടറിയായി നിയോഗിച്ചതിന് പിന്നാലെ ഡോ. ദിവ്യ എസ് അയ്യർ നടത്തിയ പുകഴ്‌ത്തൽ പരാമർശം വിവാദമായതിനെ വിമർശിച്ച് സിപിഎം നേതാവ് എകെ ബാലൻ. സഹപ്രവർത്തകന് ജോലിയിൽ പുതിയ നിയോഗം ലഭിച്ചതിനെ അഭിനന്ദിക്കുക മാത്രമാണ് ദിവ്യ ചെയ്തതെന്നും കെ. മുരളീധരൻ അടക്കമുള്ളവർ മ്ലേച്ഛമായ ഭാഷയിലാണ് ദിവ്യയെ കുറ്റപ്പെടുത്തിയതെന്നും എകെ ബാലൻ പ്രതികരിച്ചു. ദിവ്യയെ കാണുമ്പോൾ വടക്കൻപാട്ടിലെ ഉണ്ണിയാർച്ചയേയാണ് ഓർമവരുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ദിവ്യ എസ് അയ്യർ നല്ലവിശ്വാസത്തിൽ നടത്തിയ പരാമർശത്തെ വളരെ മോശമായി ചിത്രീകരിക്കുകയാണ്. കെ. മുരളീധരനെ പോലെയൊരാൾ മ്ലേച്ഛമായ ഭാഷയിലാണ് ഒരു ഐഎഎസ് ഉദ്യോഗസ്ഥയെ അവഹേളിച്ചത്. ചുരുങ്ങിയപക്ഷം ഒരു സ്ത്രീയോട് കാണിക്കേണ്ട മാന്യത പോലും കാണിച്ചില്ല. മുരളിയുടെ സഹപ്രവർത്തകന്റെ ഭാര്യ കൂടിയാണ് അവർ. ശബരിയുടെ ഭാര്യയാണെന്ന പരിഗണനയും കാണിച്ചില്ല. കാർത്തികേയന്റെ മരുമകളാണ്. അതും പരിഗണിച്ചില്ല. ഒരു കാലത്ത് മുരളിക്കും കാർത്തികേയനും കിട്ടിയ അനുഭവം തന്നെയായിരിക്കും ശബരിക്കും കിട്ടാൻ പോവുന്നത്.
ദിവ്യ വളരെ ശക്തമായ നിലപാടെടുത്തു. വടക്കൻപാട്ടുകളിലെ ഉണ്ണിയാർച്ചയെയാണ് ഓർക്കുന്നത്. ബ്യൂറോക്രസിയിലെ ഉണ്ണിയാർച്ചയായി ദിവ്യ മാറിക്കഴിഞ്ഞു. അവരെ തകർക്കാൻ കഴിയില്ല. – AK ബാലൻ പറഞ്ഞു.















