സുക്മ: ഛത്തീസ്ഗഡിലെ സുക്മയിൽ 22 മാവോയിസ്റ്റുകൾ കീഴടങ്ങി. 40.5 ലക്ഷത്തോളം രൂപ തലയ്‌ക്ക് വിലയിട്ടിരുന്ന 12 പേരുൾപ്പടെയാണ് പൊലീസിന്റെയും സിആർപിഎഫിന്റെയും ഉന്നത ഉദ്യോഗസ്ഥർക്ക് മുൻപിൽ കീഴടങ്ങിയത്.
ഛത്തീസ്ഗഡിലെ മാഡിലും ഒഡിഷയിലെ നൗപദയിലും സജീവമായി പ്രവർത്തിച്ചിരുന്ന മാവോയിസ്റ്റുകളാണിവർ. ഇവരിൽ ഒമ്പത് വനിതാ മാവോയിസ്റ്റുകളുമുണ്ട്. തങ്ങൾ പിന്തുടർന്ന പ്രത്യയശാസ്ത്രത്തിലെ മനുഷ്യത്വരഹിതമായ സമീപനങ്ങൾ തിരിച്ചറിഞ്ഞാണ് 22 അംഗ സംഘം കീഴടങ്ങിയതെന്ന് സുക്മ എസ്പി കിരൺ ചവാൻ അറിയിച്ചു.
മുഖ്യധാരയിലേക്ക് കടന്നുവരാൻ ആഗ്രഹിക്കുന്ന മാവോയിസ്റ്റുകൾക്ക് സംസ്ഥാന സർക്കാർ ആരംഭിച്ച പുനരധിവാസ പദ്ധതിയായ നിയാദ് നെല്ലനാറിൽ (Niyad Nellanar) 22 അംഗ സംഘം ആകൃഷ്ടരായിരുന്നു. ഉൾഗ്രാമങ്ങളിൽ വികസനപ്രവർത്തനങ്ങൾ എളുപ്പമാക്കുന്നതിനും കീഴടങ്ങുന്ന മാവോയിസ്റ്റുകൾക്ക് സഹായം ഉറപ്പുവരുത്തുന്നതിനും വേണ്ടി ഛത്തീസ്ഗഡ് സർക്കാർ ആരംഭിച്ച പദ്ധതിയാണ് നിയാദ് നെല്ലനാർ. നിലവിൽ കീഴടങ്ങിയ 22 പേർക്കും 50,000 രൂപ വീതം ലഭിക്കും. കൂടാതെ ജോലിയും മറ്റ് ആനുകൂല്യങ്ങളും സർക്കാർ ലഭ്യമാക്കും,
ഛത്തീസ്ഗഡിലെ സുക്മ അടക്കം ഏഴ് ജില്ലകൾ ഉൾപ്പെടുന്ന ബസ്തർ മേഖലയിൽ 2024ൽ മാത്രം 792 മാവോയിസ്റ്റുകൾ കീഴടങ്ങിയിരുന്നു.















