പൊതുവെ വിമാനത്താവളങ്ങളിൽ ഭക്ഷ്യസാധനങ്ങൾക്ക് യാത്രക്കാരിൽ നിന്നും സാധാരണവിലയേക്കാൾ അൽപ്പം കൂടുതൽ ഈടാക്കുന്നത് പതിവാണ്. എന്നാൽ ലോകത്തിലെ തന്നെ ഏറ്റവും ചെലവേറിയ വിമാനത്താവളം എന്ന കുപ്രസിദ്ധി ഇസ്‌താംബൂൾ വിമാനത്താവളത്തിനാണ്. നമ്മൾ സ്വപ്നത്തിൽ പോലും പ്രതീക്ഷിക്കാത്ത വിലയാണ് ഇവിടെ ഭക്ഷ്യസാധനകൾക്ക് ഇടക്കുന്നതെന്ന് ലോകമെമ്പാടുമുള്ള യാത്രക്കാർ പറയുന്നു.
ഇവിടെ വളരെ സുലഭമായി ലഭിക്കുന്ന ഭക്ഷ്യവസ്തുക്കൾ വരെ പ്രീമിയം വിലയ്‌ക്കാണ് വിൽക്കുന്നത്. ഒരു കുപ്പി ബിയർ വേണമെങ്കിൽ 1,697 നൽകാതെ കിട്ടില്ല. ചെലവ് ചുരുക്കാൻ ഒരു വാഴപ്പഴത്തിൽ ഒതുക്കാമെന്നു കരുതിയാലും രക്ഷയില്ല. 565 രൂപ നൽകണം. തുർക്കിയിലെ പ്രധാന വിമാനത്താവളമാണ് ഇസ്‌താംബൂൾ. ഇവിടെ പ്രതിദിനം ശരാശരി 220,000 യാത്രക്കാർ എത്തുന്നു. ഇവരിൽ ഭൂരിഭാഗവും വിമാനത്താവളത്തിലെ ഭക്ഷണങ്ങൾക്കും പാനീയങ്ങൾക്കും അമിത വിലയാണെന്ന് ആരോപിക്കുന്നുണ്ട്.
വിവിധ രാജ്യങ്ങളിൽ നിന്നെത്തുന്ന സഞ്ചാരികൾ വിമാനത്താവളത്തിൽ ലഭിക്കുന്ന തങ്ങളുടെ ഇഷ്ടവിഭങ്ങളുടെ ഗുണനിലവാരവും അതിന്റെ വിലയും തമ്മിൽ അജഗജാന്തര വ്യത്യാസമുണ്ടെന്ന് സാക്ഷ്യപ്പെടുത്തുന്നു. മറ്റ് വിമാനത്താവളങ്ങളിൽ ഇടാക്കുന്നതിനേക്കാൾ മൂന്നും നാലും മടങ്ങാണ് വില വർധിപ്പിച്ചിരിക്കുന്നത്.ഇതിനെന്തെങ്കിലും പ്രത്യേക കാരണമുണ്ടോയെന്നും വ്യക്തമല്ല. ഇസ്താംബൂൾ വിമാനത്താവളം അതീവ സുന്ദരമാണെങ്കിലും ഭക്ഷ്യ സാധനങ്ങളുടെ വില യാത്രക്കാരുടെ മുഖം ചുളിപ്പിക്കുന്നു.