ന്യൂഡെല്‍ഹി: ടെസ്ല സിഇഒയും ശതകോടീശ്വരനുമായ ഇലോണ്‍ മസ്‌കുമായി ആശയവിനിമയം നടത്തി പ്രധാനമന്ത്രി നരേന്ദ്ര മോദി. സാങ്കേതികവിദ്യ, നവീകരണം എന്നീ മേഖലകളിലെ സഹകരണത്തിനുള്ള അപാരമായ സാധ്യതകളെക്കുറിച്ച് ചര്‍ച്ച ചെയ്‌തെന്ന് പ്രധാനമന്ത്രി എക്‌സില്‍ വ്യക്തമാക്കി. ടെസ്ല ഇന്ത്യന്‍ വിപണിയില്‍ പ്രവേശിക്കാനിരിക്കെയാണ് ടെലഫോണില്‍ ഇരുവരും ആശയവിനിമയം നടത്തിയത്.
”ഇലോണ്‍ മസ്‌കുമായി സംസാരിച്ചു, ഈ വര്‍ഷം ആദ്യം വാഷിംഗ്ടണ്‍ ഡിസിയില്‍ നടന്ന ഞങ്ങളുടെ മീറ്റിംഗില്‍ ഞങ്ങള്‍ ഉള്‍പ്പെടുത്തിയ വിഷയങ്ങള്‍ ഉള്‍പ്പെടെ വിവിധ വിഷയങ്ങളെക്കുറിച്ച് സംസാരിച്ചു” മോദി പോസ്റ്റ് ചെയ്തു.
വിവിധ മേഖലകളില്‍ യുഎസുമായുള്ള പങ്കാളിത്തം മുന്നോട്ട് കൊണ്ടുപോകുന്നതിനുള്ള ഇന്ത്യയുടെ പ്രതിബദ്ധത പ്രധാനമന്ത്രി ആവര്‍ത്തിച്ചു.
ഈ വര്‍ഷം ഫെബ്രുവരിയില്‍ രണ്ട് ദിവസത്തെ യുഎസ് സന്ദര്‍ശന വേളയില്‍ പ്രധാനമന്ത്രി മോദി എലോണ്‍ മസ്‌കിനെ കണ്ടിരുന്നു. സ്പേസ് എക്സ് സിഇഒയ്‌ക്കൊപ്പം അദ്ദേഹത്തിന്റെ മക്കളായ എക്സ്, സ്ട്രൈഡര്‍, അസൂര്‍ എന്നിവരും ഉണ്ടായിരുന്നു.
ടെസ്ല ഇന്ത്യയിലേക്ക്
യുഎസ് ഇലക്ട്രിക് വാഹന ഭീമനായ ടെസ്ല ഈ വര്‍ഷം മൂന്നാം പാദത്തോടെ മുംബൈ, ഡെല്‍ഹി, ബെംഗളൂരു എന്നിവിടങ്ങളില്‍ വില്‍പ്പന ആരംഭിക്കാന്‍ പദ്ധതിയിടുകയാണ്. വരും മാസങ്ങളില്‍ മുംബൈ തുറമുഖത്തേക്ക് കമ്പനി കാറുകള്‍ എത്തിക്കും.
ഇതിനിടെ ട്രംപിന്റെ ഇറക്കുമതി താരിഫുകള്‍ സാഹചര്യങ്ങളില്‍ അപ്രതീക്ഷിത മാറ്റം വരുത്തി. ഇന്ത്യ-യുഎസ് വ്യാപാര കരാര്‍ സംബന്ധിച്ച ചര്‍ച്ചകളും ഊര്‍ജിതമായിട്ടുണ്ട്. ടെസ്ലയുടെ ഇന്ത്യയിലെ ദീര്‍ഘകാല തന്ത്രത്തെ രൂപപ്പെടുത്താന്‍ സാധ്യതയുള്ള സംഭവവികാസങ്ങളുടെ പസ്ചാത്തലത്തിലാണ് മസ്‌കുമായി പ്രധാനമന്ത്രി മോദി ചര്‍ച്ച നടത്തിയത്. ട്രംപ് ഭരണകൂടത്തില്‍ നിര്‍ണായക സ്വാധീനമുള്ള മസ്‌കുമായി മോദി നിലനിര്‍ത്തുന്ന സൗഹൃദം താരിഫ് യുദ്ധകാലത്ത് ഇന്ത്യയുടെ താല്‍പ്പര്യങ്ങള്‍ സംരക്ഷിക്കാനുദ്ദേശിച്ചുള്ളത് കൂടിയാണെന്ന് വിലയിരുത്തപ്പെടുന്നു.















