ന്യൂഡൽഹി: ചൈനയുമായുള്ള ഇന്ത്യയുടെ സംഘർഷങ്ങൾക്ക് അയവ് വന്നതോടെ കൈലാസ് മാനസസരോവർ യാത്ര പുനരാരംഭിക്കാൻ ഒരുങ്ങുന്നു. അഞ്ച് വർഷത്തെ ഇടവേളയ്‌ക്ക് ശേഷമാണ് യാത്രയ്‌ക്കുള്ള ഒരുക്കങ്ങൾ പുനരാരംഭിക്കുന്നത്. യാത്രയെക്കുറിച്ച് ഉടൻ തന്നെ ഒരു പൊതു അറിയിപ്പ് നൽകുമെന്ന് വിദേശകാര്യ മന്ത്രാലയ വക്താവ് രൺധീർ ജയ്‌സ്വാൾ അറിയിച്ചു.
സാധാരണയായി ജൂൺ മുതൽ സെപ്റ്റംബർ വരെ നടത്താറുള്ള കൈലാസ് മാനസസരോവർ യാത്ര, കോവിഡ്-19 പകർച്ചവ്യാധിയും തുടർന്നുള്ള കിഴക്കൻ ലഡാക്കിലെ സംഘർഷങ്ങളും കാരണം 2020 മുതൽ നിർത്തിവച്ചിരിക്കുകയാണ്. 2024 ഒക്ടോബറിൽ കസാനിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയും പ്രസിഡന്റ് ഷി ജിൻപിങ്ങും തമ്മിൽ നടന്ന സംഭാഷണത്തിന് ശേഷം, കിഴക്കൻ ലഡാക്കിലെ നിർണായക മേഖലകളായ ഡെപ്സാങ്, ഡെംചോക്ക് എന്നിവിടങ്ങളിലെ സൈനിക വിന്യാസം പിൻവലിക്കാൻ ഇരു രാജ്യങ്ങളും ധാരണയിലെത്തിയിരുന്നു. 2025 ജനുവരിയിൽ ഇന്ത്യൻ വിദേശകാര്യ സെക്രട്ടറിയും ചൈനീസ് ഉപ വിദേശകാര്യ മന്ത്രിയും തമ്മിൽ ഈ വിഷയം ചർച്ച ചെയ്യുകയും 2025 ൽ യാത്ര പുനരാരംഭിക്കാമെന്ന് തീരുമാനിക്കുകയും ചെയ്തു.
ഇന്ത്യയും ചൈനയും തമ്മിലുള്ള നയതന്ത്ര ബന്ധത്തിന്റെ 75-ാം വാർഷികത്തോടനുബന്ധിച്ചാണ് യാത്ര പുനരാരംഭിക്കുന്നത്. ചൈനയുമായുള്ള കൂടിയാലോചനകളെത്തുടർന്ന്, യാത്രയ്‌ക്കുള്ള റൂട്ടുകൾ പുനർനിർണയിക്കുന്നതിനെക്കുറിച്ച് ഇന്ത്യയും ആലോചിക്കുന്നുണ്ട്. ലിപുലേഖ് ചുരത്തിന് പുറമേ, ഡെംചോക്ക് വഴിയുള്ള റൂട്ട് ചർച്ചകൾക്ക് ശേഷം പരിഗണിക്കാമെന്ന് വൃത്തങ്ങൾ സൂചിപ്പിക്കുന്നു.















