കൊല്ലം: കൊല്ലം നഗരത്തിൽ വൻ ലഹരിവേട്ട. വാഹനത്തിൽ കടത്താൻ ശ്രമിച്ച 109 ചാക്ക് നിരോധിത പുകയില ഉത്പന്നങ്ങൾ പിടികൂടി. വെസ്റ്റ് പൊലീസിന്റെ വാഹന പരിശോധനയ്‌ക്കിടെയാണ് സംഭവം
പുലർച്ചെ മൂന്നര മണിയോടെയാണ് സംഭവം. പൊലീസിനെ കണ്ടതോടെ രക്ഷപെടാൻ ശ്രമിച്ച പ്രതിയുടെ വാഹനം ഡിവൈഡറിൽ ഇടിച്ച് നിൽക്കുകയായിരുന്നു. പിന്നാലെ ഇയാൾ വാഹനം ഉപേക്ഷിച്ച് ഓടി രക്ഷപ്പെട്ടു. തുടർന്ന് പൊലീസ് വാഹനം പരിശോധിച്ചപ്പോഴാണ് വൻതോതിൽ ലഹരി ഉത്പന്നങ്ങൾ കണ്ടെത്തിയത്.
വെസ്റ്റ് പൊലീസിന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു പരിശോധന. അമിത വേഗത്തിലായിരുന്ന വാഹനത്തിന്റെ പിന്തുടർന്നാണ് പിടികൂടിയത്. ഏകദേശം 50 ലക്ഷത്തിലധികം വിലവരുന്ന പുകയില ഉത്പന്നങ്ങളാണ് വാഹനത്തിലുണ്ടായിരുന്നതെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. രക്ഷപ്പെട്ട പ്രതിക്കായി അന്വേഷണം ഊർജ്ജിതമാക്കിയിട്ടുണ്ട്