ന്യൂഡൽഹി: മുസ്തഫാബാദിൽ ബഹുനില കെട്ടിടം തകർന്നുവീണ് നാല് പേർ മരിച്ചു. പുലർച്ചെ നാല് മണിയോടെയാണ് അപകടം. 14 പേരെ പരിക്കുകളോടെ രക്ഷപ്പെടുത്തി. നിരവധി ആളുകൾ കെട്ടിടാവശിഷ്ടങ്ങൾക്കിടയിൽ കുടുങ്ങിക്കിടക്കുന്നതായാണ് വിവരം.
ദേശീയ ദുരന്ത നിവാരണ സേന, ഡൽഹി അഗ്നിരക്ഷാസേന, ഡൽഹി പൊലീസ് എന്നിവർ സ്ഥലത്ത് രക്ഷാപ്രവർത്തനം നടത്തിവരികയാണ്. എട്ട്, പത്ത് പേർ ഇപ്പോഴും കുടുങ്ങിക്കിടക്കുന്നുണ്ടെന്ന് മുതിർന്ന പൊലീസ് ഉദ്യോഗസ്ഥൻ സന്ദീപ് ലാംബ പറഞ്ഞു. അപകടത്തിന്റെ കാരണം വ്യക്തമല്ലെന്നും അന്വേഷിച്ചുവരികയാണെന്നും അദ്ദേഹം പറഞ്ഞു.
കെട്ടിടാവശിഷ്ടങ്ങൾക്കിടയിൽ കുടുങ്ങിക്കിടക്കുന്നവരെ പുറത്തെത്തിക്കാനുള്ള ശ്രമങ്ങൾ നടക്കുന്നുണ്ട്. പരിക്കേറ്റവരെ ജിടിബി ആശുപത്രിയിൽ പ്രവേശിപ്പിച്ചു. നിരവധി ആളുകൾ തിങ്ങിപാർക്കുന്ന പ്രദേശമായതിനാൽ കോൺഗ്രീറ്റ് അവശിഷ്ടങ്ങൾ നീക്കം ചെയ്യുന്നത് ബുദ്ധിമുട്ടേറിയ ജോലിയാണെന്ന് അഗ്നിരക്ഷാസേന ഉദ്യോഗസ്ഥർ പറഞ്ഞു.
ഡൽഹിയിലെ ചില ഭാഗങ്ങളിൽ കനത്ത മഴയും ഇടിമിന്നലും അനുഭവപ്പെട്ടിരുന്നു. ഇതിന് പിന്നാലെയാണ് വീട് തകർന്നുവീണത്.