ബ്രാഹ്മണ സമുദായത്തിനെതിരെ അധിക്ഷേപ പരാമർശം നടത്തിയതിൽ ക്ഷമാപണവുമായി നടനും സംവിധായകനുമായ അനുരാഗ് കശ്യപ്. താൻ പറഞ്ഞ കാര്യങ്ങൾ തിരിച്ചെടുക്കാൻ കഴിയില്ലെന്നും താൻ ക്ഷമ ചോദിക്കുന്നുവെന്നും അനുരാഗ് കശ്യപ് ഇൻസ്റ്റഗ്രാമിൽ കുറിച്ചു.
ഫൂലൈ എന്ന ചിത്രവുമായി ബന്ധപ്പെട്ട് അനുരാഗ് കശ്യപിന്റെ പോസ്റ്റിന് താഴെ വന്ന കമന്റിന് മറുപടി നൽകിയതാണ് വിവാദങ്ങൾക്ക് വഴിവച്ചത്. ബ്രാഹ്മണർക്ക് മേൽ മൂത്രമൊഴുക്കുമെന്നാണ് അനുരാഗ് കശ്യപ് ഒരാളുടെ കമന്റിന് നൽകിയ മറുപടി. പിന്നാലെ വലിയ വിമർശനങ്ങളാണ് താരത്തിനും കുടുംബത്തിനും നേരെ ഉയർന്നത്. വിവാദ പ്രസ്താവന പ്രചരിച്ചതോടെ അനുരാഗ് കശ്യപിനെതിരെ വധഭീഷണി വരെയുണ്ടായി. ഇതോടെയാണ് ക്ഷമാപണവുമായി എത്തിയത്.
” ഇത് എന്റെ പോസ്റ്റിനെ കുറിച്ചല്ല, ഞാൻ പറഞ്ഞ ആ ഒരു വരിക്കും അതിലെ വിദ്വേഷത്തിനും ക്ഷമ ചോദിക്കുന്നു. ഞാൻ പറഞ്ഞ കാര്യങ്ങൾ തിരിച്ചെടുക്കാൻ കഴിയില്ല. അത് ഞാൻ തിരിച്ചെടുക്കുന്നുമില്ല. പക്ഷേ, നിങ്ങൾക്ക് ആരെയെങ്കിലും അധിക്ഷേപിക്കണമെങ്കിൽ അത് എന്നെയാകാം. എന്റെ കുടുംബം ഒന്നും ചെയ്തിട്ടില്ല. നിങ്ങൾക്ക് മാപ്പാണ് വേണതെങ്കിൽ ഇതാ നിങ്ങൾക്ക് മാപ്പ്”- അനുരാഗ് കശ്യപ് എക്സിൽ കുറിച്ചു.
ഫൂലൈ എന്ന സിനിമക്കെതിരെ നേരത്തെയും ബ്രാഹ്മണ സമൂഹം രംഗത്തുവന്നിരുന്നു. ചിത്രം ബ്രാഹ്മണ സമുദായത്തെ അപകീർത്തിപ്പെടുത്തുന്നു എന്നായിരുന്നു വിമർശനം. ഇതുമായി ബന്ധപ്പെട്ടാണ് തർക്കമുണ്ടായത്.















