17 വർഷമായി നിഴൽ പോലെ കൂടെയുള്ള ഡ്രൈവർക്ക് വിഷു സമ്മാനമായി വീട് സമ്മാനിച്ച് നടൻ ശ്രീനിവാസൻ. വിഷുദിനത്തിലാണ് വീടിന്റെ പാലുകാച്ചൽ ചടങ്ങ് നടന്നത്. അനാര്യോഗത്തെ അവഗണിച്ചാണ് അദ്ദേഹം മകൻ ധ്യാനിനൊപ്പം തന്റെ സാരഥിക്കുള്ള സമ്മാനം കൈമാറാൻ എത്തിയത്. ഒരുപിടി കണിക്കൊന്നയും പുതിയ വീടിലേക്ക് കയറിവരുന്ന സമയത്ത് അദ്ദേഹം കയ്യിൽ കരുതിയിരുന്നു. ശ്രീനിവാസൻ കുടുംബസമേതം ചടങ്ങിൽ പങ്കെടുക്കുന്ന വീഡിയോ ഷൈജു വ്ളോഗർ എന്ന യൂട്യൂബ് ചാനലിലാണ് പ്രത്യക്ഷപ്പെട്ടത്.

പയ്യോളി സ്വദേശി ഷിനോജിനാണ് എല്ലാവിധ ആധുനിക സൗകര്യങ്ങളോടു കൂടിയ മനോഹരമായ ഇരുനിലവീട് നിർമിച്ച് നൽകിയത്. താരം താമസിക്കുന്ന എറണാകുളം കണ്ടനാട് തന്നെയാണ് ഡ്രൈവർക്കും വീട് ഒരുക്കിയത്. ശ്രീനിവാസന്റെ ഭാര്യ വിമലാ ശ്രീനിവാസൻ പാലുകാച്ചൽ കർമ്മം നിർവഹിക്കുന്നതും സമ്മാനം കൈമാറി ആശംസകൾ നേരുന്നതും വീഡിയോയിൽ കാണാം. ധ്യാനിന്റെ ഭാര്യ, മകൾ, ബന്ധുവും ഒരുജാതി ജാതകത്തിന്റെ തിരക്കഥാകൃത്തുമായ രാകേഷ് മാന്തോടി എന്നിവരെയും ദൃശ്യങ്ങളിൽ കാണാം.

വീഡിയോയ്‌ക്ക് താഴെ നിരവധിപേരാണ് ശ്രീനിവാസനെയും കുടുംബത്തേയും അഭിനന്ദിച്ച് എത്തിയത്. എല്ലാം സിനിമ നടന്മാർക്കും മാതൃക ആകട്ടെ, കൂടെയുള്ളവരെ കൈപിടിച്ചുയർത്തുന്നതാണല്ലോ ദൈവസ്നേഹം, മനുഷ്യസ്നേഹിയായ ആ നല്ല മനുഷ്യന് ദൈവം ആയുസ്സും ആരോഗ്യവും നേരുന്നു, ഇത് കാണുമ്പോ സന്തോഷം കൊണ്ട് കണ്ണ് നിറയുന്നു എന്നിങ്ങനെ പോകുന്നു കമന്റുകൾ.















