ന്യൂഡെല്‍ഹി: സ്വര്‍ണം…എക്കാലത്തെയും ഏറ്റവും വിശ്വാസ്യതയുള്ള ലോഹം. രാജാക്കന്‍മാരുടെ കാലം മുതല്‍ സ്വര്‍ണം എന്നത് മൂല്യത്തിന്റെ പ്രതീകമാണ്. ആധുനിക കാലത്തും വിപണി അനിശ്ചിതാവസ്ഥകളില്‍ തെല്ലും വിറകൊള്ളാതെ തലയുയര്‍ത്തി നില്‍ക്കുകയാണ് മഞ്ഞലോഹം.
വേള്‍ഡ് ഗോള്‍ഡ് കൗണ്‍സില്‍ കണക്കാക്കുന്നത് ചരിത്രത്തിലുടനീളം ഇതുവരെ ഏകദേശം 2,16,265 ടണ്‍ സ്വര്‍ണ്ണം ഖനനം ചെയ്‌തെടുത്തിട്ടുണ്ടെന്നാണ്. 2024 ഡിസംബര്‍ വരെയുള്ള കണക്കനുസരിച്ച് യുഎസിന്റെ പക്കലാണ് ഏറ്റവും ഉയര്‍ന്ന സ്വര്‍ണ്ണ ശേഖരം 8,134 ടണ്‍. തൊട്ടുപിന്നില്‍ ജര്‍മനിയാണ് 3351 ടണ്‍. ഇന്ത്യയുടെ കരുതല്‍ ശേഖരത്തില്‍ 876 ടണ്‍ സ്വര്‍ണ്ണമാണുള്ളത്.
ഇന്ത്യന്‍ കുടുംബങ്ങളുടെ പ്രിയ നിക്ഷേപം
സ്വര്‍ണത്തില്‍ ഏറ്റവും കൂടുതല്‍ നിക്ഷേപം നടത്തുന്നത് ഇന്ത്യന്‍ കുടുംബങ്ങളാണെന്ന് കണക്കാക്കപ്പെടുന്നു. ചില കണക്കുകള്‍ പ്രകാരം, ഇന്ത്യന്‍ കുടുംബങ്ങളുടെ കൈവശം ഏകദേശം 24,000 ടണ്‍ സ്വര്‍ണ്ണമുണ്ട്. യുഎസിന്റെ കരുതല്‍ ശേഖരത്തെക്കാള്‍ മൂന്നിരട്ടി. ലോകത്തിലെ എല്ലാ കേന്ദ്ര ബാങ്കുകളും കൈവശം വച്ചിരിക്കുന്നതിന്റെ ഏകദേശം തുല്യം. ചൈനീസ് കുടുംബങ്ങളുടെ പക്കലുള്ളത് 20,000 ടണ്‍ സ്വര്‍ണ്ണമാണെന്നും കണക്കാക്കപ്പെട്ടിരിക്കുന്നു.
സൗദി രാജകുടുംബത്തിന് വലിയൊരു സ്വര്‍ണ്ണ ശേഖരം സ്വന്തമായുണ്ട്. കറുത്ത സ്വര്‍ണ്ണം എന്നറിയപ്പെടുന്ന ക്രൂഡ് ഓയില്‍ വിറ്റഴിച്ച് സമ്പന്നരായ സൗദി രാജകുടുംബം അതിന്റെ ഗണ്യമായ ഒരു ഭാഗം സ്വര്‍ണത്തിലാണ് നിക്ഷേപിച്ചിരിക്കുന്നത്. ഏകദേശം 15,000 അംഗങ്ങളുള്ള രാജകുടുംബത്തിന് സ്വര്‍ണ്ണ നിക്ഷേപങ്ങള്‍ ഉള്‍പ്പെടെ 1.4 ട്രില്യണ്‍ ഡോളറിന്റെ സമ്പത്തുണ്ട്.
ശതകോടീശ്വരന്‍മാരുടെ വിശ്വസ്ത ആസ്തി
സ്വര്‍ണത്തില്‍ വിശ്വാസമര്‍പ്പിച്ച് നിക്ഷേപിച്ചിരിക്കുന്ന വമ്പന്‍ സ്വകാര്യ നിക്ഷേപകരും ഏറെയാണ്. ജോണ്‍ പോള്‍സണ്‍, എറിക് സ്‌പ്രോട്ട്, ജോര്‍ജ്ജ് സോറോസ്, റേ ഡാലിയോ തുടങ്ങിയ പ്രശസ്ത നിക്ഷേപകര്‍ അവരുടെ പോര്‍ട്ട്ഫോളിയോകള്‍ വൈവിധ്യവല്‍ക്കരിക്കാന്‍ തന്ത്രപരമായി സ്വര്‍ണ്ണത്തില്‍ നിക്ഷേപിച്ചിരിക്കുന്നു.
കോടീശ്വരനായ ഹെഡ്ജ് ഫണ്ട് മാനേജരായ ജോണ്‍ പോള്‍സണ്‍, സ്വര്‍ണ്ണത്തില്‍ വലിയ വാതുവെപ്പ് നടത്തുന്നതില്‍ പ്രശസ്തനാണ്. യുഎസ് ഡോളര്‍ ഭാവിയില്‍ ദുര്‍ബലമാകുമെന്ന് അദ്ദേഹം വിശ്വസിക്കുന്നു. ട്രംപിന്റെ താരിഫ് പ്രഖ്യാപനങ്ങള്‍ക്ക് ശേഷം സ്വര്‍ണ്ണ വിലയിലെ കുതിപ്പ് പോള്‍സണ് വന്‍ നേട്ടമായി.
1.1 ബില്യണ്‍ ഡോളറിലധികം ആസ്തിയുള്ള കനേഡിയന്‍ കോടീശ്വരനായ എറിക് സ്‌പ്രോട്ട് സ്വര്‍ണ്ണത്തിലും വെള്ളിയിലും ശക്തമായി വിശ്വാസിക്കുന്ന വ്യക്തിയാണ്. അദ്ദേഹം തന്റെ ഫണ്ടിന്റെ 90% വും ഈ രണ്ട് ലോഹങ്ങളിലാണ് നിക്ഷേപിച്ചിരിക്കുന്നത്.
രാഷ്‌ട്രീയ വിവാദങ്ങള്‍ക്ക് പേരുകേട്ട ശതകോടീശ്വരന്‍ ജോര്‍ജ്ജ് സോറോസും തന്റെ പോര്‍ട്ട്ഫോളിയോയില്‍ സ്വര്‍ണ്ണത്തിന് കാര്യമായ ഇടം നല്‍കിയിരിക്കുന്നു. സോറോസിന് എസ്പിഡിആര്‍ ഗോള്‍ഡ് ട്രസ്റ്റിലും ബാരിക്ക് ഗോള്‍ഡ് കോര്‍പ്പ് ഇടിഎഫുകളിലും 264 മില്യണ്‍ ഡോളര്‍ വീതം നിക്ഷേപമുണ്ട്.
ഇടിഎഫുകള്‍
ഈ ശതകോടീശ്വര നിക്ഷേപകരില്‍ ഭൂരിഭാഗവും ഗോള്‍ഡ് എക്‌സ്‌ചേഞ്ച്-ട്രേഡഡ് ഫണ്ടുകള്‍ (ഇടിഎഫ്) വഴിയും സ്വര്‍ണ്ണ ഖനന കമ്പനികളുടെ ഓഹരികളിലുമായി നിക്ഷേപിച്ചുകൊണ്ട് പേപ്പര്‍ ഗോള്‍ഡിന് പ്രാമുഖ്യം കൊടുക്കുന്നു. ആഗോള ഗോള്‍ഡ് ഇടിഎഫ് ഹോള്‍ഡിംഗുകളുടെ കീഴിലുള്ള മൊത്തം ആസ്തികള്‍ 3,445 ടണ്‍ ആണ്. അതില്‍ ഏറ്റവും വലിയ ഗോള്‍ഡ് ഇടിഎഫ് പദ്ധതിയായ എസ്പിഡിആര്‍ 933.1 ടണ്‍ സ്വര്‍ണം കൈവശം വെച്ചിട്ടുണ്ട്.
അതേസമയം സെലിബ്രിറ്റി നിക്ഷേപകനും റിച്ച് ഡാഡ് പുവര്‍ ഡാഡ് എന്ന ധനകാര്യ പുസ്തക പരമ്പരയുടെ കര്‍ത്താവുമായ റോബര്‍ട്ട് കിയോസാക്കി നേരിട്ട് സ്വര്‍ണം വാങ്ങി (ഫിസിക്കല്‍ ഗോള്‍ഡ്) സൂക്ഷിക്കുന്നതിനെയാണ് പിന്തുണയ്‌ക്കുന്നത്.
നിക്ഷേപ പോര്‍ട്ട്‌ഫോളിയോ വൈവിധ്യവല്‍ക്കരിക്കാനും പണപ്പെരുപ്പത്തിനും കറന്‍സി മൂല്യത്തകര്‍ച്ചയ്‌ക്കും എതിരെ ഒരു സംരക്ഷണ കവചമായി പ്രവര്‍ത്തിക്കാനുമാണ് കേന്ദ്ര ബാങ്കുകളും ശതകോടീശ്വരന്‍മാരും സ്വര്‍ണം വാങ്ങുന്നത്. സുരക്ഷയുടെ കാര്യത്തില്‍ സ്വര്‍ണ്ണം മറ്റെല്ലാ ആസ്തികളേക്കാളും മുന്നിലാണ്. എന്നിരുന്നാലും നിങ്ങളുടെ പോര്‍ട്ട്ഫോളിയോയുടെ ഏകദേശം 10% മാത്രം സ്വര്‍ണ്ണത്തില്‍ നിക്ഷേപിക്കുന്നതാണ് നല്ലത്.















