ന്യൂഡൽഹി: ബംഗ്ലാദേശിൽ ഹിന്ദുക്കൾക്കെതിരെ നടക്കുന്ന ആക്രമണങ്ങളിൽ കടുത്ത പ്രതിഷേധം അറിയിച്ച് ഇന്ത്യ. രാജ്യത്തെ ന്യൂനപക്ഷ സമുദായത്തെ സംരക്ഷിക്കുന്നതിൽ മുഹമ്മദ് യൂനുസിന്റെ നേതൃത്വത്തിലുള്ള ഇടക്കാല സർക്കാർ പൂർണ പരാജയമാണെന്ന് വിദേശകാര്യ മന്ത്രാലയം പുറത്തിറക്കിയ പ്രസ്താവനയിൽ പറയുന്നു.
“ബംഗ്ലാദേശിലെ ഹിന്ദു ന്യൂനപക്ഷ നേതാവായ ഭാബേഷ് ചന്ദ്ര റോയിയെ തട്ടിക്കൊണ്ടുപോയി ക്രൂരമായി കൊലപ്പെടുത്തിയതിൽ ശക്തമായി അപലപിക്കുന്നു. ബംഗ്ലാദേശിൽ മുമ്പും ഇത്തരം അക്രമങ്ങൾ നടത്തിയ കുറ്റവാളികൾ ശിക്ഷാനടപടികൾ ഒന്നുമില്ലാതെ കറങ്ങിനടക്കുകയാണ്. ഹൈന്ദവർ ഉൾപ്പെടെയുള്ള ന്യൂനപക്ഷങ്ങളെ സംരക്ഷിക്കേണ്ട ഉത്തരവാദിത്തം ഇടക്കാല സർക്കാരിനുണ്ടെന്ന് ഞങ്ങൾ വീണ്ടും ഓർമിപ്പിക്കുന്നു”- വിദേശകാര്യ മന്ത്രാലയം വക്താവ് രൺധീർ ജയ്സ്വാൾ എക്സിൽ കുറിച്ചു.
ഹിന്ദു സമുദായ നേതാവായ ദിനാജ്പുർ സ്വദേശി ഭബേഷ് ചന്ദ്ര റോയിയെയാണ് ഒരുകൂട്ടം ഇസ്ലാമിസ്റ്റുകൾ വീട്ടിൽ നിന്നും തട്ടിക്കൊണ്ടുപോയി ക്രൂരമായി കൊലപ്പെടുത്തിയത്. രണ്ട് ബൈക്കുകളിലായെത്തിയ സംഘം ഭബേഷിനെ തട്ടിക്കൊണ്ടുപോവുകയായിരുന്നു.
ഭബേഷിനെ അക്രമികൾ ക്രൂരമായി മർദ്ദിച്ച് അബോധാവസ്ഥയിലാക്കി. തുടർന്ന് ഭബേഷിനെ ഒരു വാനിൽ കയറ്റി വീടിന് സമീപത്തായി ഉപേക്ഷിച്ച് കടന്നുകളഞ്ഞു. കുടുംബാംഗങ്ങൾ ഭബേഷിനെ ദിനാജ്പൂർ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.















