എറണാകുളം : നടി വിൻസി അലോഷ്യസിന്റെ പരാതി വ്യാജമാണെന്ന് ഷൈൻ ടോം ചാക്കോ. തനിക്കെതിരെയുള്ള ഗൂഢാലോചനയുടെ ഭാഗമാണ് ഈ പരാതിയെന്നും വിൻസി പറഞ്ഞത് പോലെയൊന്നും സംഭവിച്ചിട്ടില്ലെന്നും ഷൈൻ ടോം ചാക്കോ പൊലീസിനോട് പറഞ്ഞു.
ഈഗോ കാരണം ഉണ്ടായ പരാതിയാണ്. അപമര്യാദയായി പെരുമാറിയെന്ന് പറയുന്നത് തെറ്റാണ്. സൂത്രവാക്യം സിനിമയുടെ സംവിധായകനോടോ നിർമാതാവിനോടോ വിളിച്ച് ചോദിക്കാമെന്നും ഷൈൻ മൊഴി നൽകി.
സൂത്രവാക്യം സിനിമയുടെ ലൊക്കേഷനിൽ വച്ച് ഷൈൻ മോശമായി പെരുമാറി എന്നായിരുന്നു വിൻസിയുടെ വെളിപ്പെടുത്തൽ. ഒരു സീൻ പ്രാക്ടീസ് ചെയ്യുന്നതിനിടയിൽ ഈ നടൻ വെളുത്ത നിറത്തിലുള്ള പൊടി തുപ്പുന്നത് കണ്ടെന്നും അയാളോടൊപ്പം സഹകരിച്ച് ഷൂട്ടിംഗ് പൂർത്തിയാക്കിയത് ബുദ്ധിമുട്ടായിരുന്നെന്നും വിൻസി പറഞ്ഞിരുന്നു.
അതേസമയം, എറണാകുളം നോർത്ത് പൊലീസ് സ്റ്റേഷനിൽ ഹാജരായ ഷൈൻ ടോം ചാക്കോ ചോദ്യം ചെയ്യലിൽ നിരവധി കാര്യങ്ങൾ വെളിപ്പെടുത്തി. ഫോൺ രേഖകളുടെയും മറ്റ് തെളിവുകളുടെയും അടിസ്ഥാനത്തിൽ ഷൈൻ ലഹരി ഉപയോഗിക്കാറുണ്ടെന്ന് തെളിഞ്ഞിരുന്നു. തുടർന്ന് ഷൈനിനെ അറസ്റ്റ് ചെയ്ത് മെഡിക്കൽ പരിശോധനയ്‌ക്ക് വിധേയനാക്കി.