പത്തനംതിട്ട: ജീവനക്കാർ ഓഫീസ് പ്രവർത്തി സമയം കഴിഞ്ഞുള്ള യോഗത്തിൽ പങ്കെടുക്കാത്തതിന്റെ പേരിൽ അവർക്ക് കാരണം കാണിക്കൽ നോട്ടീസ് നൽകുകയും, ഓഫീസിലുണ്ടായിരുന്ന വനിതാ ജീവനക്കാർ ഉൾപ്പെടെയുള്ളവരെ രാത്രി വൈകിയും ഓഫീസ് വിട്ട് പോകാൻ അനുവദിക്കാതിരുന്ന കുറ്റൂർ പഞ്ചായത്ത് പ്രസിഡന്റിന്റെ അധികാര ധാർഷ്ട്യവും, ഭീഷണിയും അവസാനിപ്പിക്കണമെന്ന് എൻ. ജി. ഒ. സംഘ് ഏപ്രിൽ 16 വൈകുന്നേരം 4.30 ന് സ്റ്റാഫ് മീറ്റിംഗ് നിശ്ചയിച്ചുവെങ്കിലും പ്രസിഡന്റിന്റെ നേതൃത്വത്തിൽ നടന്ന പഞ്ചായത്ത് കമ്മിറ്റി യോഗം അഞ്ചുമണി കഴിഞ്ഞിട്ടും അവസാനിക്കാതെ തുടരുകയായിരുന്നു.
ഓഫീസ് സമയം കഴിഞ്ഞതിനാൽ സ്റ്റാഫ് മീറ്റിംഗ് ഇനി ഉണ്ടാകില്ലെന്ന വിശ്വാസത്തിലും,അടുത്ത ദിവസങ്ങൾ പൊതുഅവധി ആയതിനാലുമാണ് ദൂരസ്ഥലങ്ങളിൽ താമസിക്കുന്ന ജീവനക്കാർ ഓഫീസിൽ നിന്നും പോയത്.എന്നാൽ ഈ ജീവനക്കാർക്ക് മെമ്മോ നൽകണമെന്നും അത് ഇപ്പോൾ തന്നെ തയ്യാറാക്കണമെന്നും സെക്രട്ടറിയോട് പ്രസിഡന്റ് ആവശ്യപ്പെടുകയായിരുന്നു.
പ്രവർത്തി സമയം കഴിഞ്ഞ് ഓഫീസ് വിട്ടുപോയവർക്കെതിരെ അച്ചടക്ക നടപടി സ്വീകരിക്കാൻ സെക്രട്ടറി വിസമ്മതം അറിയിച്ചപ്പോൾ പ്രസിഡന്റ് തന്നെ നേരിട്ട് ജീവനക്കാർക്കെതിരെയുള്ള കാരണം കാണിക്കൽ നോട്ടീസ് തയ്യാറാക്കുകയും അതിന്റെ നടപടിക്രമങ്ങൾഅവസാനിക്കുന്നതുവരെ സെക്രട്ടറി ഉൾപ്പെടെയുള്ള വനിതാ ജീവനക്കാരെ രാത്രി 8 മണി വരെ ഓഫീസിൽ നിന്നും പോകാൻ അനുവദിക്കാതെ തടയുകയായിരുന്നു.
തൊട്ടടുത്ത ദിവസങ്ങൾ പെസഹവ്യാഴം, ദുഃഖ വെള്ളി ആണെന്ന് അറിഞ്ഞിട്ടും രാത്രിയിലും ജീവനക്കാരെ ഓഫീസിൽ തുടരാൻ നിർബന്ധിച്ച പ്രസിഡന്റിന്റെ നടപടി സംശയകരമാണ്. ബോധപൂർവ്വം പ്രശ്നങ്ങൾ സൃഷ്ടിക്കുകയും, ഭരണപരവും രാഷ്‌ട്രീയമായ സ്വാധീനം ഉപയോഗിച്ച് സ്വന്തം ഓഫീസിലെ ജീവനക്കാർക്കെതിരെ നിയമവിരുദ്ധ നടപടി സ്വീകരിച്ച് ഓഫീസ് പ്രവർത്തനങ്ങൾ സ്വന്തം വരുതിയിലാക്കാനുള്ള രാഷ്‌ട്രീയ നീക്കം അനുവദിക്കില്ലെന്ന് കേരള എൻ. ജി. ഒ. സംഘ് ജില്ലാ പ്രസിഡന്റ് എൻ. ജി. ഹരീന്ദ്രൻ ജില്ലാ സെക്രട്ടറി എം. രാജേഷ് എന്നിവർ അറിയിച്ചു.















