കൊച്ചി: കോടതിയെ സമീപിക്കാനൊരുങ്ങി നടൻ ഷൈൻ ടോം ചാക്കോ. ലഹരിക്കേസ് കെട്ടിച്ചമച്ചതാണെന്നും പൊലീസ് കള്ളക്കേസിൽ കുടുക്കിയതാണെന്നും വാദിക്കാനാണ് ഷൈനിന്റെ നീക്കം.
പൊലീസ് ചുമത്തിയിരിക്കുന്നത് ദുർബലമായ വകുപ്പുകളാണെന്ന് ഷൈനിന് നിയമോപദേശം ലഭിച്ചിരുന്നു. ഷൈനിന്റെ പക്കൽ നിന്ന് ലഹരിവസ്തുക്കൾ കണ്ടെടുക്കാൻ കഴിയാത്തതാണ് പൊലീസിന് വെല്ലുവിളിയായത്. ഈ സാഹചര്യത്തിൽ കേസ് കെട്ടിച്ചമച്ചതാണെന്ന് വാദിക്കാൻ ഷൈനിന് കഴിയും. സ്രവ പരിശോധനാ ഫലമെത്തിക്കഴിഞ്ഞാൽ എഫ്ഐആർ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് കോടതിയെ സമീപിക്കാനാണ് ഷൈനിന്റെ നീക്കം.
പൊലീസിന് നൽകിയ മൊഴിയിൽ ലഹരിവസ്തുക്കൾ ഉപയോഗിക്കാറുണ്ടെന്ന് ഷൈൻ സമ്മതിച്ചിരുന്നു. സിനിമാമേഖലയിൽ വ്യാപകമായ ലഹരി ഉപയോഗം നടക്കുന്നുണ്ട്. പക്ഷെ തന്റേയും മറ്റൊരു നടന്റേയും പേര് മാത്രമാണ് എപ്പോഴും ചർച്ച ചെയ്യപ്പെടുന്നത്. തങ്ങൾ മാത്രമല്ല, സാങ്കേതിക പ്രവർത്തകരും മറ്റ് അഭിനേതാക്കളും ലഹരി ഉപയോഗിക്കുന്നുണ്ടെന്നും ഷൈൻ പറഞ്ഞു. പരിശോധനകൾ ശക്തമായതോടെ കഴിഞ്ഞ ഒരു മാസമായി സിനിമാ സെറ്റുകളിൽ ലഹരി വസ്തുക്കൾ കിട്ടാൻ ബുദ്ധിമുട്ടുണ്ടായെന്നും ഷൈൻ മൊഴി നൽകിയതായി പൊലീസ് പറയുന്നു.
ഷൈനിന്റെ ഫോൺ പരിശോധിച്ചപ്പോൾ 2000ത്തിനും 5000ത്തിനും ഇടയിലുള്ള 14 പണമിടപാടുകൾ പൊലീസ് കണ്ടെത്തിരുന്നു. ലഹരിവസ്തുക്കൾ വാങ്ങുന്നതിന് നടത്തിയ ഇടപാടുകളാണിതെന്നാണ് പൊലീസിന്റെ നിഗമനം. എന്നാൽ കടമായി പണം ആവശ്യപ്പെട്ടവർക്ക് നൽകിയതാണെന്നാണ് ഷൈനിന്റെ വിശദീകരണം. ഷൈനിന്റെ ഫോണും ശരീരസ്രവ സാമ്പിളുകളും തിങ്കളാഴ്ച കോടതിയിൽ ഹാജരാക്കും.
ഷൈനിനെ കഴിഞ്ഞ ദിവസം അറസ്റ്റ് ചെയ്ത് വൈദ്യപരിശോധന നടത്തിയ ശേഷം ജാമ്യത്തിൽ വിട്ടിരുന്നു. തിങ്കളാഴ്ച വീണ്ടും ചോദ്യം ചെയ്യലിന് ഹാജരാക്കാനാണ് നിർദേശം.















