കണ്ണൂർ: ക്ഷേത്രത്തിലെ പരിപാടിക്കിടെ വീണ്ടും വിപ്ലവഗാനം പാടി സിപിഎം പ്രവർത്തകർ. കണ്ണൂർ കല്ലുക്കെട്ടി കാവുംകുന്നത്ത് മൊയിലോം ഭഗവതി ക്ഷേത്രത്തിൽ നടന്ന പരിപാടിക്കിടെയാണ് സംഭവം. ഉത്സവത്തിന്റെ ഭാഗമായി നടന്ന ഘോഷയാത്രക്കിടെയാണ് സിപിഎം പ്രവർത്തകർ വിപ്ലവഗാനം പാടിയത്. ചെഗുവേരയുടെ ചിത്രങ്ങളും കൊടികളും വീശിയായിരുന്നു സിപിഎം പ്രവർത്തകരുടെ വിപ്ലവഗാനം.
പുഷ്പനെ അറിയാമോ എന്ന ഗാനം പാടി, കൊടി വീശിയാണ് സിപിഎം പ്രവർത്തകർ ക്ഷേത്രോത്സവത്തിൽ പങ്കെടുത്തത്. കൂടാതെ മുദ്രാവാക്യങ്ങളും ഉച്ചത്തിൽ വിളിച്ചിരുന്നു. സംഭവത്തിന് പിന്നാലെ വലിയ വിമർശനങ്ങളാണ് ഉയരുന്നത്. പ്രദേശവാസികൾ പ്രതിഷേധവുമായി രംഗത്തെത്തിയിട്ടുണ്ട്. ക്ഷേത്രത്തിൽ രാഷ്‌ട്രീയം കളിക്കുന്നത് അംഗീകരിക്കാനാവില്ലെന്ന് ഭക്തർ പ്രതികരിച്ചു.
കണ്ണൂരിൽ ഇത്തരം സംഭവങ്ങൾ അരങ്ങേറുന്നത് ഇതാദ്യമല്ല. നേരത്തെയും ക്ഷേത്ര ഉത്സവങ്ങളിൽ സിപിഎം പ്രവർത്തകർ വിപ്ലവഗാനം പാടിയിരുന്നു. ക്ഷേത്രത്തിനുള്ളിൽ പോലും ചെഗുവേരയുടെ ചിത്രങ്ങൾ സിപിഎം പ്രവർത്തകർ ഒട്ടിച്ചിരുന്നു.