ബെംഗളൂരു: ബെംഗളൂരു അന്താരാഷ്‌ട്ര വിമാനത്താവളത്തിൽ നിർത്തിയിട്ടിരുന്ന ഇൻഡിഗോ വിമാനത്തിൽ ടെമ്പോ ട്രാവലർ ഇടിച്ചു. ട്രാവലറിന്റെ ഡ്രൈവറെ പരിക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഡ്രൈവറുടെ അശ്രദ്ധയാണ് അപകടത്തിന് കാരണമെന്നാണ് നിഗമനം.
സംഭവത്തിൽ അന്വേഷണം ആരംഭിച്ചിട്ടുണ്ട്. കഴിഞ്ഞ 18-ന് ഉച്ചയോടെയായിരുന്നു സംഭവം. എഞ്ചിന്റെ അറ്റകുറ്റപണികൾക്ക് വേണ്ടിയാണ് വിമാനം നിർത്തിയിട്ടിരുന്നത്. വിമാനത്താവളത്തിലെ ജീവനക്കാരുമായി എത്തിയ ട്രാവലറാണ് വിമാനത്തിൽ ഇടിച്ചത്. ജീവനക്കാരെ ഇറക്കുന്നതിനിടെ ട്രാവലർ മുന്നോട്ട് നീങ്ങുകയായിരുന്നു. ജീവനക്കാർക്ക് പരിക്കേറ്റിട്ടില്ല.
ട്രാവലറിന്റെ മുകൾഭാഗം തകർന്നനിലയിലാണ്. അപകടത്തിന്റെ ദൃശ്യങ്ങൾ സോഷ്യൽമീഡിയയിലൂടെ പുറത്തുവന്നിട്ടുണ്ട്. സംഭവത്തിൽ ആഭ്യന്തര അന്വേഷണം നടക്കുകയാണ്. അന്വേഷണ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ ഉചിതമായ നടപടി സ്വീകരിക്കുമെന്ന് അധികൃതർ അറിയിച്ചു.















