മോഹൻലാലിന് ഫുട്ബോൾ ഇതിഹാസം ലയണൽ മെസിയുടെ സമ്മാനം. സ്വന്തം കയ്യൊപ്പ് പതിഞ്ഞ ജേഴ്സിയാണ് മോഹൻലാലിന് മെസി നൽകിയത്. മെസി നൽകിയ പത്താം നമ്പർ ജേഴ്സിയുമായി നിൽക്കുന്ന മോഹൻലാലിന്റെ ചിത്രം സോഷ്യൽമീഡിയയിൽ വൈറലാവുകയാണ്.
“ഡിയർ ലാലേട്ടന്” എന്ന് എഴുതിയാണ് മെസി ഒപ്പിട്ടത്. ഇതിന്റെ വീഡിയോ മോഹൻലാൽ ഫെയ്സ്ബുക്കിൽ പങ്കുവച്ചു. ഈ സമ്മാനം നൽകിയതിന് തന്റെ രണ്ട് സുഹൃത്തുക്കൾക്കും മോഹൻലാൽ നന്ദി അറിയിച്ചു.
“ജീവിതത്തിലെ ചില നിമിഷങ്ങൾക്ക് വാക്കുകൾക്കും അതീതമാണ്. ആ നിമിഷങ്ങൾ എന്നും മനസിൽ ഉണ്ടായിരിക്കും. അതുപോലെയൊരു നിമിഷം ഇന്ന് ഞാൻ അനുഭവിച്ചറിഞ്ഞു. ആ സമ്മാനപ്പൊതി ഞാൻ അഴിച്ചപ്പോൾ എന്റെ ഹൃദയമിടിപ്പ് നിലച്ചു. ഇതിഹാസ താരം ലയണൽ മെസി ഒപ്പിട്ട ജേഴ്സി. അദ്ദേഹത്തിന്റെ സ്വന്തം കൈപ്പടയിൽ എന്റെ പേര് എഴുതിയിരിക്കുന്നു. മെസിയുടെ ആരാധകനായ എനിക്ക് ഇത് ശരിക്കും സവിശേഷ നിമിഷമായിരുന്നു.”- മോഹൻലാൽ കുറിച്ചു.