ലക്നൗ: ഭാര്യ മാനസികമായി പീഡിപ്പിക്കുന്നുവെന്ന് ആരോപിച്ച് യുവ എഞ്ചിനിയർ ആത്മഹത്യ ചെയ്തു. ഉത്തർപ്രദേശിലെ ഇറ്റാവ സ്വദേശി മോഹിത് യാദവ്(33) ആണ് ജീവനൊടുക്കിയത്. മരണത്തിന് കാരണം ഭാര്യയും ഭാര്യയുടെ ബന്ധുക്കളുമാണെന്ന് വിഷം കഴിച്ച ശേഷം സുഹൃത്തുകൾക്കും ബന്ധുക്കൾക്കും അയച്ച് വാട്ട്‌സാപ്പ് സന്ദേശത്തിൽ മോഹിത് വ്യക്തമാക്കി. ഇറ്റാവ റെയിൽവേ സ്റ്റേഷന് സമീപമുള്ള ഹോട്ടൽ മുറിയിലാണ് മൃതദേഹം കണ്ടെത്തിയത്.
ഭാര്യയും കുടുംബക്കാരും ചേർന്ന് കള്ളക്കേസിൽ
കുടുക്കിയെന്ന് യുവാവ് വീഡിയോയിൽ ആരോപിച്ചു. വീഡിയോ നിങ്ങൾ കാണുമ്പോൾ ഞാൻ ഈ ലോകത്ത് നിന്ന് തന്നെ ഇല്ലാതാകും. പുരുഷന്മാർക്ക് അനുകൂലമായ നിയമം ഉണ്ടായിരുന്നെങ്കിൽ മരണം തിരഞ്ഞെടുക്കില്ലായിരുന്നു. ഭാര്യയും കുടുംബത്തിന്റെയും പീഡനം ഇനിയും താങ്ങാൻ കഴിയില്ല. മരണശേഷവും നീതി ലഭിച്ചെങ്കിൽ ചിതാഭസ്മം അഴുക്കുചാലിൽ ഒഴുക്കിക്കളയണമെന്ന് മാതാപിതാക്കളോട് ആവശ്യപ്പെട്ടുകൊണ്ടാണ് വീഡിയോ അവസാനിപ്പിക്കുന്നത്.
ഏഴ് വർഷംനീണ്ട പ്രണയത്തിനൊടുവിൽ 2023 മോഹിത് യാദവും പ്രിയയും വിവാഹിതരായത്. സിമന്റ് കമ്പനിയിൽ ഫീൽഡ് എഞ്ചിനീയറായി ജോലി ചെയ്യുകയായിരുന്നു യുവാവ്. ഗർഭിണിയായ പ്രിയയ്‌ക്ക് രണ്ട് മാസം മുമ്പ് സ്വകാര്യ സ്കൂളിൽ ടീച്ചറായി ജോലി ലഭിച്ചിരുന്നു. പിന്നാലെ ഗർഭം അലസിപ്പിക്കാൻ പ്രിയയുടെ അമ്മ നിർബന്ധച്ചെന്ന് യുവാവ് ആരോപിച്ചു. തന്റെ ആഭരണങ്ങളും പണവും അവർ കൈക്കലാക്കി. ഒരു രൂപ പോലും സ്ത്രീധനം വാങ്ങാതെയാണ് വിവാഹം കഴിച്ചത്. വീടും സ്വത്തും എഴുതി നൽകാൻ ഭാര്യ ഭീഷണിപ്പെടുത്തി. വിസമ്മതിച്ചതോടെ സ്ത്രീധന
പീഡനം ആരോപിച്ച് ഭാര്യപിതാവ് വ്യാജപരാതി നൽകി. വീട്ടിൽ എന്നും വഴക്കാണെന്നും സമാധാനം നഷ്ടപ്പെട്ടെന്നും യുവാവ് പറയുന്നുണ്ട്.
വ്യാജ പരാതികളിൽ മനംനൊന്ത് യുവാക്കൾ ജീവനൊടുക്കുന്ന സംഭവങ്ങൾ വർദ്ധിച്ച് വരികയാണ്. പുരുഷൻമാരെ തകർക്കാൻ വ്യാജ പരാതികൾ ആയുധമാക്കുന്നുവെന്ന് ആരോപണം വ്യാപകമായി ഉയരുന്നുണ്ട്. അടുത്തിടെ ബെംഗളൂരുവിൽ ടെക്കിയായ അതുൽ സുഭാഷിന്റെ ആത്മഹത്യയും സമാന ആരോപണം ഉന്നയിച്ചായിരുന്നു. എറണാകുളത്ത് അദ്ധ്യാപകനെതിരെ വിദ്യാർത്ഥിനിയുടെ വ്യാജപരാതിയും ഏഴ് വർഷത്തിന് ശേഷമുള്ള വെളിപ്പെടുത്തലും കഴിഞ്ഞ ദിവസമാണ് പുറത്ത് വന്നത്.















