മകളുടെ വിവാഹ ചടങ്ങുകൾ ആർഭാടപൂർണമായി നടത്തിയ മുൻ ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിനെതിരെ വിമർശനം ശക്തം. തലസ്ഥാന നഗരിയുടെ മധ്യഭാഗത്തുള്ള പഞ്ചനക്ഷത്ര ഹോട്ടലായ ഷാങ്‌രി-ലാ ഇറോസിൽ വച്ചാണ് കെജ്‌രിവാളിന്റെ മകൾ ഹർഷിതയുടെ കല്യാണത്തിനുമുമ്പുള്ള രോക്കാ ചടങ്ങുകൾ നടന്നത്. ഡൽഹിയിലെ ലൂട്ടിയെൻസിൽ വച്ചായിരുന്നു വിവാഹം.
അത്യധികം ആഡംബരമായാണ് ചടങ്ങുകൾ നടന്നത്. പഞ്ചാബ് മുഖ്യമന്ത്രി ഭഗവന്ത് മൻ, മുൻ ഉപമുഖ്യമന്ത്രി മനീഷ് സിസോഡിയ എന്നിവരുൾപ്പെടെ മുതിർന്ന എഎപി നേതാക്കൾ വിവാഹത്തിന് മുമ്പുള്ള ആഘോഷങ്ങളിൽ പങ്കെടുത്തു. ബോളിവുഡ് ഗായകൻ മിക്ക സിംഗ്, മുൻ ഡൽഹി മന്ത്രി ഗോപാൽ റോയ്, എന്നിവർ കുടുംബത്തിന്റെ ആഘോഷച്ചടങ്ങുകളിൽ പാട്ടുപാടുകയും നൃത്തം ചെയ്യുന്നതിന്റെയും വീഡിയോകൾ പുറത്തുവന്നിരുന്നു. ഏപ്രിൽ 18 നായിരുന്നു വിവാഹം. ബിസിനസുകാരനായ സംഭവ് ജെയിനാണ് ഹർഷിതയെ വിവാഹം കഴിച്ചത്.
ഇതിനുപിന്നാലെ 2012-13 കാലഘട്ടത്തിലെ കെജ്‌രിവാളിന്റെ ഒരു പഴയ വീഡിയോയുടെ ക്ലിപ്പിംഗുകൾ ആണ് സോഷ്യൽ മീഡിയയിൽ ചർച്ചയാകുന്നത്. വീഡിയോയിൽ വിവാഹങ്ങളിൽ ആർഭാടം കാണിക്കുന്നത് ഒഴിവാക്കാൻ പ്രതിജ്ഞയെടുക്കണമെന്നാണ് ജനങ്ങളോട് അഭ്യർത്ഥിക്കുന്നത്. ലാളിത്യത്തിനും അഴിമതി വിരുദ്ധതയ്‌ക്കും വേണ്ടിയുള്ള സമരസേനാനിയായി തന്നെ സ്വയം ഉയർത്തിക്കാട്ടിയായിരുന്നു കെജ്‌രിവാളിന്റെ പ്രഖ്യാപനം. വീഡിയോക്ക് താഴെ കെജ്‌രിവാളിന്റെ വിവാഹ ധൂർത്തിന്റെ വിമർശിച്ച് നിരവധിപേർ രംഗത്തെത്തി.
പൊള്ളത്തരങ്ങൾക്കും ഒരു പരിധിയൊക്കെയുണ്ടെന്നായിരുന്നു ഉപയോക്താക്കൾ കമന്റ് ചെയ്തത്. “അദ്ദേഹം പിന്നോട്ട് പോയെന്നു മാത്രമല്ല – ഒരിക്കൽ അദ്ദേഹം നിലകൊണ്ട എല്ലാത്തിനും നേർ വിപരീതമാണ് ചെയ്തിരിക്കുന്നത്. ആ ആദർശവാദമെല്ലാം അധികാരത്തിലേക്കുള്ള ഒരു ഗോവണി മാത്രമായിരുന്നു,” മറ്റൊരാൾ കുറിച്ചു.