കൊച്ചി: നടൻ ഷൈൻ ടോം ചാക്കോ നൽകിയ മൊഴിയുടെ പൂർണ്ണരൂപം പുറത്ത്. വിദേശമലയാളിയായ യുവതിയെ കാണാനാണ് കൊച്ചിയിലെ ഹോട്ടലിൽ എത്തിയതെന്ന് ഷൈൻ മൊഴി നൽകി. കാക്കനാട്ടെ ഹോട്ടലിൽ ആയിരുന്നു ആദ്യം താമസിച്ചത്. മൈക്ക് മൈ ട്രിപ്പ് വഴിയാണ് ഹോട്ടൽ വേദാന്തയിൽ റൂം ബുക്ക് ചെയ്തതെന്നും ഷൈൻ പൊലീസിനോട് പറഞ്ഞു.
വ്യക്തിപരമായ ആവശ്യത്തിന് ഇവിടെ എത്തിയത്. വിദേശമലയാളിയായ യുവതിയുമായി ഫോണിൽ സംസാരിച്ചിരുന്നു. അവർ ഹോട്ടലിലേക്ക് വരാമെന്നും നേരിട്ട് കാണാമെന്നും പറഞ്ഞിരുന്നു. അതനുസരിച്ചാണ് താൻ ഹോട്ടലിൽ എത്തിയത്. യുവതി നേരത്തെ തന്നെ ഹോട്ടലിൽ മുറിയെടുത്തു. തുടർന്നാണ് 304 മുറി താൻ എടുത്തത്. ഹോട്ടലിൽ മുറിയെടുത്ത ശേഷം ചിലർ കാണാൻ വന്നിരുന്നു. മേക്കപ്പ് സ്റ്റാഫായ വിൻസി, പാലക്കാട് സ്വദേശിയും സലൂൺ ഉടമയുമായ ആദം, സിനിമ സംവിധായകൻ നഹാസ് എന്നിവരാണ് കാണാൻ എത്തിയത്.
തനിക്ക് ശത്രുക്കളില്ല. പക്ഷെ പിതാവ് ഒരു സിനിമ നിർമിച്ചിരുന്നു. ആ സിനിമയുമായി ബന്ധപ്പെട്ട് സാമ്പത്തിക തർക്കമുണ്ടായിരുന്നു. അതുമായി ബന്ധപ്പെട്ടവർ മർദ്ദിക്കാൻ വന്നു എന്ന് കരുതിയാണ് ഹോട്ടലിൽ നിന്നും ഇറങ്ങിയോടിയതെന്നാണ് ഷൈൻ നൽകിയ ന്യായീകരണം. അവിടെ നിന്നും ഹയാത്ത് ഹോട്ടലിലും പിന്നീട് ഗുരുവായൂരിലേക്കും പോയി. അവിടെ നിന്നും പാലക്കാട് പോയി അഭിഭാഷകനെ കണ്ടെന്നും ഷൈൻ പറയുന്നു.
വിൻസി അലോഷ്യസിനോട് തമാശരൂപത്തിൽ പലതും പറഞ്ഞിട്ടുണ്ടാകും എന്നാൽ അപമര്യാദമായി പെരുമാറിയിട്ടില്ലയെന്നും ഷൈൻ പറഞ്ഞു. മെത്താംഫിറ്റമിനും കഞ്ചാവും ഉപയോഗിക്കാറുണ്ടെന്ന് ഷൈൻ സമ്മതിച്ചതായി നേരത്തെ വിവരങ്ങൾ പുറത്ത് വന്നിരുന്നു. മൂക്കിലേക്ക് വലിച്ച് കയറ്റിയാണ് മെത്താംഫിറ്റമിൻ ഉപയോഗിക്കുന്നതെന്ന് ഷൈൻ പറഞ്ഞു. സിനിമ സെറ്റിൽ വച്ച് കഞ്ചാവ് ബീഡി വലിച്ചുണ്ട്. എന്നാൽ എംഡിഎംഎയും സ്റ്റാമ്പും ഉപയോഗിക്കാറില്ല. സിനിമാ സെറ്റുകളിൽ ലഹരി എത്തിച്ച് നൽകാൻ പ്രത്യേക ഏജന്റുമാരുണ്ട്. ഗൂഗിൾ പേ വഴിയാണ് പണം കൈമാറിയത്. ആർക്ക് എപ്പോൾ കൈമാറിയെന്ന് ഓർമയില്ലെന്നും ഷൈൻ പൊലീസിന് മൊഴി നൽകി. എന്നാൽ ഷൈനിന്റെ മൊഴി അന്വേഷണ സംഘം വിശ്വാസത്തിൽ എടുത്തിട്ടില്ല.















