സൂത്രവാക്യം സിനിമയുടെ ലൊക്കേഷനിൽ നടന്ന സംഭവത്തിൽ നിയമനടപടിയുമായി മുന്നോട്ട് പോകാൻ താത്പര്യമില്ലെന്ന് നടി വിൻസി അലോഷ്യസ്. അന്വേഷണവുമായി സഹകരിക്കുമെന്നും പരാതി കൊടുക്കാൻ താൻ ഇപ്പോഴും തയാറല്ലെന്നും വിൻസി പറഞ്ഞു. സംഭവവുമായി ബന്ധപ്പെട്ട് മാദ്ധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു താരം.
“എന്റെ നിലപാടിൽ തന്നെ ഞാൻ ഉറച്ചുനിൽക്കുകയാണ്. സിനിമാ സംഘടനയ്‌ക്കുള്ളിലെ നടപടിയാണ് ഞാൻ ആവശ്യപ്പെടുന്നത്. അത് തന്നെയാണ് വേണ്ടത്. ഇന്ന് സിനിമയിലെ ആഭ്യന്തര സമിതിക്ക് മുമ്പാകെ ഹാജരാകും. ഞാൻ കൊടുത്ത പരാതി പരിശോധിച്ചതിന് ശേഷം നടപടി എടുക്കും. സിനിമയിലാണ് മാറ്റം വരേണ്ടത്. അതിൽ തന്നെയാണ് ഞാൻ ഉറച്ചുനിൽക്കുന്നത്. നിയമനടപടിയുമായി മുന്നോട്ട് പോകില്ല. ഫിലിം ചേംമ്പറിന് നൽകിയ പരാതി ഞാൻ പിൻവലിക്കില്ലെന്നും” വിൻസി അലോഷ്യസ് പറഞ്ഞു.
അതേസമയം, ലൊക്കേഷനിലെ സംഭവം അറിയില്ലെന്ന് സൂത്രവാക്യം സിനിമയുടെ നിർമാതാവ് ശ്രീകാന്ത് കണ്ട്രഗുള പ്രതികരിച്ചു. വിൻസിയുമായി സംസാരിച്ചിരുന്നെന്നും സെറ്റിലുണ്ടായിരുന്ന ചിലർക്ക് മാത്രമേ സംഭവം അറിയുകയുള്ളൂവെന്നും നിർമാതാവ് പറഞ്ഞു.















