ന്യൂയോർക്ക്: അര്‍ജന്റെന്‍ ഫുട്‌ബോള്‍ ആരാധകരെ സന്തോഷത്തിലാഴ്‌ത്തി മെസ്സിയുടെ വെളിപ്പെടുത്തൽ. അടുത്ത വര്‍ഷത്തെ ഫിഫ ലോകകപ്പില്‍ കളിച്ചേക്കുമെന്ന് ലിയോണല്‍ മെസി പറഞ്ഞു. പരിക്കേറ്റതുമൂലം കഴിഞ്ഞ അഞ്ചുമാസമായി ദേശീയ ടീമിൽ നിന്ന് വിട്ടുനിൽക്കുന്ന മെസ്സിയുടെ പ്രഖ്യാപനം ടീമിന്റെയും ആത്മവിശ്വാസം വർദ്ധിപ്പിക്കുമെന്നുറപ്പാണ്.
“അടുത്ത വര്‍ഷത്തെ ലോകകപ്പില്‍ കളിക്കാന്‍ ആഗ്രഹം ഉണ്ട്. ഇല്ലെന്ന് പറഞ്ഞതാല്‍ അതൊരു നുണ ആയിരിക്കും. ലോകകപ്പില്‍ കളിക്കുന്ന കാര്യത്തില്‍ ഈവര്‍ഷം നിര്‍ണായകമാണ്.” മെസ്സി പറഞ്ഞു. 2026 ലോകകപ്പില്‍ കളിക്കാന്‍ മെസ്സിക്ക് ആഗ്രഹമുണ്ടെന്ന് ഉറ്റസുഹൃത്ത് ലൂയിസ് സുവാരസും കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. ജൂണില്‍ മുപ്പത്തിയെട്ട് വയസ്സ് തികയുന്ന താരം 2005 ലാണ് അര്‍ജന്റൈന്‍ ടീമില്‍ അരങ്ങേറ്റം കുറിച്ചത്.
അടുത്തിടെ ബ്രസീലിനെ തോല്‍പ്പിച്ചാണ് അര്‍ജന്റീന ലോകകപ്പിന് യോഗ്യത നേടിയത്. മെസ്സിയില്ലാതെ ഇറങ്ങിയിട്ടും അര്‍ജന്റീന ഒന്നിനെതിരെ നാല് ഗോളിന് ബ്രസീലിനെ തകർത്തു. യോഗ്യത റൗണ്ടിൽ അർജന്റീനയ്‌ക്ക് ഇനി നാല് മത്സരങ്ങൾ ബാക്കിയുണ്ട്. ജൂണില്‍ ചിലിയും കൊളംബിയയും സെപ്റ്റംബറില്‍ വെനസ്വേലയും ഇക്വഡോറുമാണ് എതിരാളികൾ. പരിക്ക് വില്ലനായില്ലെങ്കിൽ മെസ്സി ഈ മത്സരങ്ങളിലും അടുത്ത ലോകകപ്പിലും കളിച്ചേക്കും.