മലപ്പുറം: തിരൂരിൽ പതിനഞ്ചുകാരനെ ലൈംഗികമായി പീഡിപ്പിച്ച് ദൃശ്യങ്ങൾ പകർത്തി ഭീഷണിപ്പെടുത്തിയ യുവതി അറസ്റ്റിൽ. പാലക്കാട് കല്ലടിക്കോട് സ്വദേശി സത്യഭാമയാണ് അറസ്റ്റിലായത്. യുവതിയുടെ ഭർത്താവ് സാബിക്കാണ് പീഡന ദൃശ്യങ്ങൾ പകർത്തിയത്. ബിപി അങ്ങാടി സ്വദേശിയായ ഇയാൾ ഒളിവിലാണ്. സത്യഭാമയെ പോക്സോ അടക്കമുള്ള വകുപ്പുകൾ ചുമത്തി റിമാൻഡ് ചെയ്തു.
വർഷങ്ങൾക്ക് മുമ്പാണ് സംഭവം നടന്നത്. തിരൂരിൽ പ്രതികൾ താമസിച്ചിരുന്ന വീട്ടിൽ വിളിച്ച് വരുത്തിയായിരുന്നു പീഡനം. വിവരം അറിഞ്ഞതോടെ പതിനഞ്ചുകാരന്റെ കുടുംബം പരാതി നൽകുകായിരുന്നു. ദമ്പതികൾ ലഹരിക്ക് അടിമകളാണെന്നും ദൃശ്യങ്ങൾ പുറത്തുവിടുമെന്ന് ഭീഷണിപ്പെടുത്തി നിരവധി തവണ ആൺകുട്ടിയിൽ നിന്നും പണം തട്ടിയിരുന്നുവെന്നും പൊലീസ് പറഞ്ഞു. വീട്ടിലെ സ്ത്രീകളുടെ നഗ്ന വീഡിയോ ചിത്രീകരിച്ച് നൽകാനും ഇവർ പതിനഞ്ചുകാരനോട് ആവശ്യപ്പെട്ടിരുന്നു.
സത്യഭാമയും സാബിക്കും പ്രദേശത്തെ ലഹരി ശൃംഖലയിലെ പ്രധാനകണ്ണികളാണ്. ലഹരി കൈമാറാനും ഇവർ പതിനഞ്ചുകാരനെ ഉപയോഗപ്പെടുത്തിയിരുന്നു. വിദ്യാർത്ഥിക്ക് ലഹരി നൽകാൻ ഇവർ ശ്രമിച്ചിരുന്നുവെന്നാണ് പൊലീസ് നൽകുന്ന വിവരം.















