തിരുവനന്തപുരം: ആറ്റിങ്ങൽ അവനവഞ്ചേരി ഇണ്ടിളയപ്പൻ ക്ഷേത്രത്തിലെ പരിപാടിക്കിടെ വിപ്ലവഗാനം പാടിയ സംഭവത്തിൽ ക്ഷേത്ര ഭാരിവാഹികൾക്കെതിരെ ഗസൽ ഗായകൻ അലോഷി ആദം. ക്ഷേത്ര ഭാരവാഹികളുടെ ആവശ്യപ്രകാരമാണെന്ന് വിപ്ലവഗാനം പാടിയതെന്ന് അലോഷി പറഞ്ഞു. ക്ഷേത്രോത്സവത്തിൽ വിപ്ലവഗാനം പാടിയതിനെതിരെ ഭക്തർ പൊലീസിൽ പരാതി നൽകിയതിന് പിന്നാലൊണ് അലോഷിയുടെ വെളിപ്പെടുത്തൽ.
ഈ മാസം ഏഴിനായിരുന്നു സംഭവം. ഇതിനെതിരെ നിരവധി ആളുകൾ രംഗത്തെത്തിയിരുന്നു. കഴിഞ്ഞ ദിവസം വിഷയത്തിൽ കോൺഗ്രസും ബിജെപിയും പൊലീസിനെ സമീപിച്ചു. ആറ്റിങ്ങൽ പൊലീസിലും റൂറൽ എസ്പിക്കും പരാതി നൽകിയിരുന്നു. എന്നാൽ സംഭവത്തിൽ കേസെടുക്കാനാകില്ലെന്നാണ് ആറ്റിങ്ങൽ പൊലീസ് അറിയിച്ചത്.
കൊല്ലം കടയ്‌ക്കൽ ക്ഷേത്രത്തിൽ വിപ്ലവഗാനം ആലപിച്ചതിന് അലോഷിക്കെതിരെ ഹൈക്കോടതിയുടെ നിർദേശപ്രകാരം കേസെടുത്തിരുന്നു. കേസും വിവാദവും നിലനിൽക്കവെയാണ് അലോഷി വീണ്ടും വിപ്ലവഗാനം ആലപിച്ചത്. ക്ഷേത്രോത്സവത്തിനിടെയുള്ള വിപ്ലവഗാനം ലാഘവത്തോടെ കാണാനാകില്ലെന്നും സംഘാടകർക്കെതിരെ കേസ് എടുക്കാവുന്ന കുറ്റങ്ങൾ പ്രകടമാണെന്നും ഹൈക്കോടതി ചൂണ്ടിക്കാട്ടിയിരുന്നു.















